reporter News

കുരുക്കഴിയാതെ കൊടുവായൂർ

കൊടുവായൂർ: ജില്ലയിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളിലൊന്നായ കൊടുവായൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണം.
 തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന കിഴക്കൻമേഖലയുടെ സമ്പദ്ഘടനയിൽ മുഖ്യപങ്ക് വഹിക്കുന്ന കൊടുവായൂർ കമ്പോളം, കാർഷിക-നെയ്ത്ത് മേഖലകളെ വാണിജ്യരംഗവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്. 
പഴം-പച്ചക്കറി വിപണിയും വസ്ത്രവ്യാപാരവും കാർഷിക വിപണിയും ഒന്നുചേരുന്ന കൊടുവായൂരിന് പക്ഷേ, തീരാത്തൊരു പ്രശ്നമുണ്ട്. എത്രയഴിച്ചാലും പിന്നെയും മുറുകുന്ന വാഹനക്കുരുക്ക് നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
ചരക്കിറക്കാനും സാധനങ്ങൾ വാങ്ങാനുമായെത്തുന്ന വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലലഭ്യതയിലെ പരിമിതികൾ, ആലത്തൂർ-പാലക്കാട് ഭാഗത്തേക്കുള്ള പൊതു-സ്വകാര്യ വാഹനങ്ങളുടെ ആധിക്യം, റോഡിന്റെ വീതിയില്ലായ്മ തുടങ്ങിയവ ഈ ഭാഗത്തെ തിരക്ക് കൂട്ടുന്നു. നാട്ടുകാരുടെ ചിരകാല സ്വപ്നമായ ബൈപ്പാസ് ആസൂത്രണഘട്ടത്തിലാണ് എന്നതുമാത്രമാണ് ആശ്വാസം.
ക്ലാസിക് ജങ്ഷൻ മുതൽ ഹയർസെക്കൻഡറി സ്കൂൾ വരെയുള്ള ഭാഗത്തെ ഗതാഗതപ്രശ്നം വിദ്യാർഥികളെയും സാരമായി ബാധിക്കുന്നുണ്ട്. വാഹനക്കുരുക്കുമൂലം സ്കൂളിലെത്താൻ വൈകുന്ന സാഹചര്യം ഒരു നിത്യസംഭവമാകുന്നു. വാഹനങ്ങളുടെ അമിതവേഗം കൂടിയാവുമ്പോൾ കൊടുവായൂരിലെ പാതകൾ വിദ്യാർഥികളെ പേടിപ്പെടുത്തുന്നു.


എ. ധനുഷ്, സീഡ് റിപ്പോർട്ടർ, ജി.എച്ച്.എസ്.എസ്. കൊടുവായൂർ

December 19
12:53 2016

Write a Comment