environmental News

'ജാഫർ പാലോട്ടി'ന്‍റെ പേരില്‍ പശ്ചിമഘട്ടത്തില്‍ പുതിയ ഇനം കടന്നല്‍.

പാരാന്‍സിസ്‌ട്രോസിറസ് വിഭാഗത്തില്‍പ്പെട്ട പുതിയ ഇനം കടന്നലിനെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി. 'പാരാന്‍സിസ്‌ട്രോസിറസ് ജാഫര്‍ പാലോട്ടി' എന്നാണ് പുതിയ ഇനത്തിന് നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം.

 സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. പി. ഗിരീഷ്‌കുമാര്‍, ഡോ. പി.എം സുരേശന്‍ എന്നിവരും ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഡോ. ജയിംസ് കാര്‍പെന്ററും ഉള്‍പ്പെട്ട സംഘമാണ് കടന്നലിനെ തിരിച്ചറിഞ്ഞത്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് പഠിക്കുന്ന സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കണ്ണൂർ സ്വദേശിയുമായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ടിനോടുള്ള ആദരസൂചകമായാണ് കടന്നലിന് ഈ പേര് നല്‍കിയിരിക്കുന്നത്.

'വെസ്പിഡെ' കുടുംബത്തിലെ 'യൂമെനിനെ' ഉപകുടുംബത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. ആറ് മില്ലിമീറ്റര്‍ മാത്രം നീളമുള്ള ഉപദ്രവകാരികളല്ലാത്ത ചെറു കടന്നലുകളാണ് ഇവ. മണ്ണുകൊണ്ടാണ് കൂടുണ്ടാക്കുന്നത്. മലബാര്‍ വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, നിലമ്പൂര്‍ വനം, മുത്തപ്പന്‍പുഴ എന്നിവിടങ്ങളില്‍ ഇവയെ കണ്ടെത്തിയിട്ടുണ്ട്. 

'പാരാന്‍സിസ്‌ട്രോസിറസ് ലോഹര്‍ബാന്‍ഡെന്‍സിസ്', 'പാരാന്‍സിസ്‌ട്രോസിറസ് ടുരെന്‍സിസ്' എന്നിങ്ങനെ പേരിട്ടിട്ടുള്ള മറ്റു രണ്ട് ഇനങ്ങളെ ആസ്സാമില്‍നിന്നും മേഘാലയയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ പാരാന്‍സിസ്‌ട്രോസിറസ് വിഭാഗത്തില്‍പ്പെട്ട മൂന്ന് ഇനങ്ങളെയും ഇന്ത്യയില്‍ ആകെ പതിനൊന്ന് ഇനങ്ങളെയുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ശാസ്ത്ര പ്രസിദ്ധീകരണമായ 'ഹാള്‍ട്ടിയേഴ്‌സി'ന്റെ പുതിയ ലക്കത്തിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

January 10
12:53 2017

Write a Comment