SEED News

നിള രോഗവാഹിനി; വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ വ്യാപകം, മഞ്ഞപ്പിത്തം, കോളറ, അതിസാരം തുടങ്ങിയ പകര്ച്ചവ്യാധികൾക്ക് കാരണമാകും

പാലക്കാട്: ഭാരതപ്പുഴയിലെ വെള്ളം അനുദിനം മലിനപ്പെടുത്തുന്നു. ദിവസവും ഒരുലക്ഷത്തിലേറെ പേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന നിളയിൽ ഇ-കോളി ബാക്ടീരിയയടക്കമുള്ളവ കണ്ടെത്തി. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ് ക്ളബ്ബും ശാസ്ത്ര ക്ളബ്ബും നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം.
 പഠനറിപ്പോർട്ട് സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ പരിസ്ഥിതി നിയമസഭാസമിതിക്ക് സമർപ്പിച്ചു. 
 സമിതിചെയർമാൻ മുല്ലക്കര രത്നാകരൻ ഇക്കാര്യത്തിൽ അധികൃതരോട് വിശദീകരണം തേടി.
കഴിഞ്ഞവർഷവും ഇവർ നിളയിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചിരുന്നു. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ കോളിഫോം ബാക്ടീരിയ വലിയതോതിൽ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ.
 ഈ റിപ്പോർട്ട് കളക്ടർക്കും എം.എൽ.എ.മാർക്കും നൽകിയിരുന്നു. അന്ന് പരിശോധനയ്ക്ക് വെള്ളം ശേഖരിച്ചിടത്തുതന്നെയാണ് ഒരുവർഷത്തിനിപ്പുറം കുട്ടികളും അധ്യാപകരുമെത്തിയത്. പട്ടാമ്പി സ്റ്റാൻഡിനടുത്തുനിന്ന് ശേഖരിച്ച വെള്ളത്തിൽ കഴിഞ്ഞവർഷം ഇ-കോളി ബാക്ടീരിയ ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ 100 മില്ലീലിറ്റർ വെള്ളത്തിൽ ഇത് 11 എന്ന തോതിലുണ്ടെന്നാണ് പരിശോധനഫലം.  ഇത് മഞ്ഞപ്പിത്തം, കോളറ, അതിസാരം തുടങ്ങിയ പകര്ച്ചവ്യാധികൾക്ക് കാരണമാകും.  ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമുള്ള സ്ഥലമാണ് പട്ടാമ്പി. ഇവരിൽ പലരും  പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നത് നിളയോരത്താണ്. ഇതാണ് പുഴവെള്ളം ഇത്ര മലിനപ്പെടാൻ കാരണമെന്ന് സമീപവാസികൾ പറയുന്നു.
 ഷൊർണൂരും പട്ടാന്പിയിലും മാലിന്യം ഓവുചാലിലൂടെ പുഴയിലാണെത്തുന്നത്. ഇതിൽ ആസ്പത്രിമാലിന്യവുമുണ്ട്. ഒറ്റപ്പാലത്ത് കോളിഫോം ബാക്ടീരിയയുടെ തോതും കൂടുതലാണ്. കഴിഞ്ഞതവണ 100 മില്ലീലിറ്റർ വെള്ളത്തിൽ 28 ആയിരുന്നത് ഇപ്പോൾ 35 ആയി ഉയർന്നു.  പട്ടാമ്പിയിൽ കഴിഞ്ഞവർഷം 1,100 ആയിരുന്നു. അത് ഇപ്പോൾ 210 ആയി. ഷൊർണൂർ പള്ളത്തും കോളിഫോം ബാക്ടീരിയ 290ൽനിന്ന് 150 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് പരിശോധനഫലം.

January 23
12:53 2017

Write a Comment

Related News