SEED News

അറിവ് പുതുക്കി അധ്യാപകര്‍ ആര്‍ബറേറ്റത്തില്‍ ബോധി ഏകദിന ശില്പശാല

ആലുവ: പ്രകൃതിയില്‍ മനുഷ്യനേല്‍പ്പിക്കുന്ന ആഘാതങ്ങളെ പറ്റി വിശദമാക്കി ബോധി ഏകദിന ശില്പശാല അരങ്ങേറി. അപൂര്‍വ സസ്യങ്ങളുടെ സംരക്ഷണത്തിനായി ആലുവ പെരിയാറിന്റെ തീരത്ത് 'മാതൃഭൂമി' ഒരുക്കിയ ആര്‍ബറേറ്റത്തിലാണ് ശില്പശാല നടന്നത്. വിവിധ കോളേജിലെ അധ്യാപകരാണ് ശില്പശാലയില്‍ പങ്കെടുത്തത്. ജൈവ ലോകത്ത്് ആഗോളതാപനവും, മനുഷ്യന്റെ മറ്റ് ഇടപെടലും മൂലം ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി പ്രതിപാദിക്കുന്നതായിരുന്നു ക്ലാസ്. 
തവളയും, ചെറുപ്രാണികളും കാലാവസ്ഥ വ്യതിയാനങ്ങള്‍ ആദ്യമറിയുകയും അതിനു ശേഷം ജീവജാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ക്ലാസിലൂടെ വ്യക്തമാക്കി.  പ്രകൃതിയെ പറ്റിയുള്ള നിരവധി പുത്തന്‍ അറിവുകളോടെയായിരുന്നു ക്ലാസ്. 
ആഗോള താപനത്തെ പറ്റി ലോകത്തെ വിവിധ ജീവജാലങ്ങളില്‍ നടക്കുന്ന പഠനത്തെ പറ്റി ക്ലാസില്‍ വിശദമായി വിവരിച്ചു. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജിബി കുര്യാക്കോസാണ് കാലാവസ്ഥ വ്യതിയാനത്തെ പറ്റി അധ്യാപകര്‍ക്ക് അറിവ് പകര്‍ന്നു നല്‍കി. സീസണ്‍ വാച്ചിനെ പറ്റി എന്‍.സി.ബി.എസ്. റിസേര്‍ച്ച് പേഴ്‌സണ്‍ മുഹമ്മദ് നിസാര്‍ വിശദമാക്കി. 
ആര്‍ബറേറ്റത്തിലെ നൂറ് കണക്കിന് വ്യത്യസ്ഥമാര്‍ന്ന വൃക്ഷങ്ങളും, നാട്ടുമാവിന്‍ തൈകളും അധ്യാപകര്‍ കണ്ടു മനസിലാക്കി. രാശിവനം, നവഗ്രഹവൃക്ഷങ്ങള്‍, നക്ഷത്രവനം, ദശമൂലം തുടങ്ങിയ വൃക്ഷങ്ങളുടെ കൂട്ടായ്്മയും ആര്‍ബറേറ്റത്തിലുണ്ടായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ മരങ്ങളെയും അവയെ സംരക്ഷിക്കുന്ന ആര്‍ബറേറ്റത്തേയും സംബന്ധിച്ച് അറിവ് പകര്‍ന്ന് നല്‍കി. 
ആലുവപ്പുഴയോരത്താണ് അപൂര്‍വ വൃക്ഷങ്ങളുടേയും, ഔഷധ സസ്യങ്ങളുടേയും കൂട്ടമുള്ളത്. പെരിയാറിന്റെ തീരത്ത്, നദീതീര നിയമങ്ങള്‍ ലംഘിച്ച് കെട്ടിയുയര്‍ത്തിയ 'മഴവില്‍ റെസ്റ്റോറന്റ്' പൊളിച്ച സ്ഥലത്താണ് അപൂര്‍വ ഇനങ്ങള്‍ ഉള്‍പ്പടെയുള്ള വൃക്ഷത്തൈകള്‍ വളരുന്നത്. ശില്പശാലയില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, ഇടപള്ളി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, ആലുവ സെന്റ് സേവ്യേഴ്‌സ് വുമണ്‍സ് കോളേജ്, എടത്തല അല്‍ അമീന്‍ കോളേജ് എന്നിവിടങ്ങളിലെ അധ്യാപകരാണ് ക്ലാസിനെത്തിയത്. 

February 08
12:53 2017

Write a Comment

Related News