environmental News

ഒറ്റ രാത്രി കൊണ്ട് കരയ്ക്കടിഞ്ഞത് 400 തിമിംഗലങ്ങള്‍,തിമിംഗലങ്ങളുടെ ശവപ്പറമ്പായി ഫെയർവെൽ സ്പിറ്റ്.

വെല്ലിങ്ടൺ: ന്യൂസിലന്റിന്റെ ദക്ഷിണ ദ്വീപായ ഫെയര്‍വെല്‍ സ്പിറ്റില്‍ കഴിഞ്ഞരാത്രി കരയ്ക്കടിഞ്ഞ തിമിംഗല കൂട്ടങ്ങളില്‍ ഭൂരിഭാഗവും ചത്തു. 400 തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞതില്‍ 300 എണ്ണവും ചത്തു. ശേഷിക്കുന്ന 100 എണ്ണത്തിനെ രക്ഷിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും.

തീരത്തേക്ക് കുതിക്കാന്‍ തിമിംഗലങ്ങളെ പ്രേരിപ്പിച്ചതിന്റെ കാരണം ശാസ്ത്ര ലോകം അന്വേഷിച്ചുവരികയാണ്. ഒരു തിമിംഗലം അപായപ്പെട്ടതിനെത്തുടര്‍ന്ന് അത് പുറപ്പെടുവിക്കുന്ന അപായസൂചന കേട്ടെത്തിയപ്പോള്‍ മറ്റ് തിമിംഗലങ്ങളും കരയില്‍ കുടുങ്ങിയതാവാമെന്ന നിഗമനവുമുണ്ട്.

തിമിംഗലങ്ങള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്ന സൂചന വ്യാഴാഴാഴ്ച്ച രാത്രി തന്നെ തിമിംഗല സംരക്ഷണ വകുപ്പിന് ലഭിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതാണ് ഇത്രയധികം ജീവന്‍ അപായപ്പെടാന്‍ കാരണമെന്ന ആരോപണമുണ്ട്.

ന്യൂസിലാന്റ് മറൈന്‍ മാമ്മല്‍ ചാരിറ്റി പുറത്തു വിട്ട കണക്ക് പ്രകാരം 416 തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെടാതെ അവശേഷിച്ച നൂറോളം തിമിംഗലങ്ങള്‍ക്ക് അടിയന്തിര പരിചരണം നല്‍കി വരികയാണ്. നനഞ്ഞ തുണികള്‍ ദേഹത്തിട്ടും മറ്റും പരമാവധി ഇവയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുണ്ട്. ചിലവയെ കടലിലേക്ക് പറഞ്ഞയയ്ക്കാനും കഴിഞ്ഞു. പറഞ്ഞയച്ചവ തിരിച്ചു വരാതിരിക്കാൻ മനുഷ്യ മതിൽ തന്നെ നിർമ്മിച്ചു ചില സന്നദ്ധ പ്രവർത്തകർ. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ച ചില തിമിംഗലക്കൂട്ടങ്ങളില്‍ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് ന്യൂസിലാന്റിലാണ്. പ്രതിവര്‍ഷം ചുരുങ്ങിയത് 300 തിമിംഗലങ്ങളും ഡോള്‍ഫിനുകളും ന്യൂസിലന്റില്‍ കരയ്ക്കടിയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും നടക്കുന്നതാകട്ടെ ഫെയര്‍വെല്‍ സ്പിറ്റിലും. തിമിംഗലങ്ങള്‍ക്ക് കെണിയൊരുക്കുന്ന തരത്തിലുള്ള ഭൂപ്രദേശ ഘടനയും  ഇവിടെ അടിയ്ക്കുന്ന തിരയുമാണ് ഈ തീരത്തെ തിമിംഗലങ്ങളുടെ ശവപ്പറമ്പാക്കുന്നത്. ഇതുവരെ തീരത്തടിഞ്ഞ് ചത്ത് തിമിംഗലങ്ങളില്‍ ഏറ്റവും കൂടുതല്‍ ചത്തത് ഇത്തവണയാണ്. 

February 11
12:53 2017

Write a Comment