SEED News

മണ്ണിന്റെ നനവുള്ള ശ്രേഷ്ഠവിദ്യാലയമായി കൊടല്‍ ജി.യു.പി. സ്‌കൂള്‍

കോഴിക്കോട്: കഴിഞ്ഞ ഡിസംബറില്‍ ഒളവണ്ണ പൂളേങ്കര ചാലിക്കടുത്ത നാറാണത്ത് വയലില്‍ ഒരു വിതയുത്സവം നടന്നു. മുതിര്‍ന്നവരായിരുന്നില്ല അവിടെ വിത്തിട്ടത്, പന്തീരാങ്കാവ് കൊടല്‍ ജി.യു.പി. സ്‌കൂളിലെ കുഞ്ഞുങ്ങളായിരുന്നു. സ്‌കൂളിലെ സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ പി.കെ. വിനോദ് കുമാറിനും പ്രധാനാധ്യാപകന്‍ അബ്ദുള്‍ ബഷീറിനും പഞ്ചായത്ത്കൃഷി വകുപ്പധികൃതര്‍ക്കുമൊപ്പം ആഘോഷമായാണ് കുട്ടികളും ചെളിയിലിറങ്ങിയത്. അന്നു വിതച്ച 'കാഞ്ചന' വിത്ത് ഇപ്പോള്‍ കൊയ്യാന്‍ പാകത്തില്‍ സ്വര്‍ണവര്‍ണമായിരിക്കുന്നു. സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ കാര്‍ഷികമികവിനുള്ള ചെറിയൊരുദാഹരണം മാത്രമാണിത്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന് മാതൃഭൂമി സീഡിന്റെ 201617 വര്‍ഷത്തെ ശ്രേഷ്ഠഹരിതപുരസ്‌കാരം സമ്മാനിച്ചത്.
അപൂര്‍വ നെല്‍വിത്തുകള്‍ ശേഖരിക്കല്‍, തരിശുഭൂമി കൃഷിയിടമാക്കല്‍, ജൈവകൃഷി ക്ലാസുകള്‍, ജലസംരക്ഷണ പ്രവര്‍ത്തനം, കുളം നന്നാക്കല്‍, കിണര്‍ റീചാര്‍ജിങ് തുടങ്ങി വേറിട്ട പ്രവര്‍ത്തനങ്ങളാണ് ഈ കുട്ടികള്‍ നടത്തിയത്. നാട്ടുമാവ് സംരക്ഷണ പ്രവൃത്തികളും നക്ഷത്രവന പരിപാലനവും ഇതോടൊപ്പം നടത്തുന്നു. 49 പുറംപ്രവൃത്തികളും മറ്റ് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും കൊച്ചുകുട്ടികളുടെ മികവ് തെളിയിക്കുന്നതാണ്.
ഊര്‍ജസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനം, ആരോഗ്യശുചിത്വപ്രവര്‍ത്തനങ്ങള്‍, ജീവിതശൈലീരോഗ സര്‍വേ, പരിശോധനകള്‍, മാമ്പുഴ ശുചീകരണം, ഗണപതിക്കുളം വൃത്തിയാക്കല്‍ എന്നിവയുമെല്ലാം കുട്ടികളുടെ പ്രവര്‍ത്തനങ്ങളാണ്. സ്‌കൂളിലെ പി.ടി.എ.യുടെയും അധ്യാപകരുടെയും എസ്.എം.സി. അംഗങ്ങളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് കുട്ടികള്‍ ഓരോ ചുവടും മുന്നോട്ടുവെച്ചത്. ഒളവണ്ണ പഞ്ചായത്തിലെ ഈ ഏകസര്‍ക്കാര്‍ യു.പി. സ്‌കൂളിനെ തേടി പുരസ്‌കാരമെത്തുന്നത് ആദ്യമായല്ല. 2011ലെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത പുരസ്‌കാരമുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
 201617ല്‍ ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ മൂന്നാമത്തെയും മികച്ച പി.ടി.എ. ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇവിടത്തെ രക്ഷാകര്‍തൃ സമിതിയാണ്. ഇത്തരത്തില്‍ മണ്ണിനെയും മനുഷ്യരെയും അറിഞ്ഞുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്‌കാരം.  


March 27
12:53 2017

Write a Comment

Related News