SEED News

കൈകോർത്ത്, തലയുയർത്തി പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂൾ

മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം


പാലക്കാട്: വരൾച്ചയെപ്പറ്റി സെമിനാറുകളും ചർച്ചകളും നടക്കുമ്പോൾ എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിൽനിന്ന് കൈകോർത്തിറങ്ങി. വെള്ളിയാർപ്പുഴയിൽ തടയണയും തീർത്ത് അവർ അമ്പതോളം കുട്ടികൾ തിരിച്ചുകയറി, തലയുയർത്തിത്തന്നെ. തടയണയ്ക്കായി കുട്ടികളിറങ്ങിയപ്പോൾ പഞ്ചായത്തംഗങ്ങളും നാട്ടുകാരും കൂടെക്കൂടി. ആയിരത്തഞ്ഞൂറിലധികം ചാക്കുകളിൽ മണ്ണ് നിറച്ചായിരുന്നു ജലസംരക്ഷണ പ്രവർത്തനം. ഒപ്പം കൃഷിയിലും ഊർജ സംരക്ഷണത്തിലും, പ്ലാസ്റ്റിക്കിനെതിരായ പ്രവർത്തനത്തിലും ബോധവത്കരണ പ്രവർത്തനങ്ങളിലും അവർ മുന്നിട്ടിറങ്ങിയപ്പോൾ സീഡ് പദ്ധതിയിൽ റവന്യൂ ജില്ലയിലെ മികച്ച പ്രവർത്തനത്തിനുള്ള ശ്രേഷ്ഠഹരിത വിദ്യാലയം പുരസ്കാരം പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിനെത്തേടിയെത്തി.
സ്കൂളിലെ വിഷരഹിത പച്ചക്കറിത്തോട്ടം പേരിന് മാത്രമല്ല. വിളവിന്റെ തൂക്കം കിലോഗ്രാമിൽ നോക്കിയാലറിയാം ഈ മിടുക്കരുടെ മികവ്. വെണ്ട 344, പടവലം 456, മുളക് 192, ചുരങ്ങ 393, മത്തൻ 240, ചീര 194. ആകെ ഏപ്രിൽ 20 മുതൽ ഡിസംബർ 31 വരെ 1819 കിലോഗ്രാം പച്ചക്കറി വിളവെടുത്തു. തുള്ളിനനയും ജൈവകീടനാശിനിയുമൊക്കെ പരീക്ഷിച്ച് സ്കൂളിൽ ജൈവപച്ചക്കറി സ്റ്റാൾ ഒരുക്കി. കൃഷിഭവന്റെ ഓണവിപണിയിൽ സ്കൂളിലെ കുട്ടികൾ ജൈവ പച്ചക്കറിയുമായെത്തിയപ്പോൾ അത് നാട്ടിലും ചർച്ചയായി.
പഴവർഗ പാർക്ക്, കേരവൃക്ഷ സംരക്ഷണം, ഔഷധസസ്യതോട്ടം, വിത്ത് ശേഖരണം, ചിത്രശലഭോദ്യാനം, കിണർപുനരുജീവനം, കുളങ്ങളുടെ സംരക്ഷണം, മഴക്കുഴി നിർമാണം തുടങ്ങി ക്രിയാത്മക പ്രവർത്തനങ്ങൾ ഏറെ നടത്തി. 
വൈദ്യുതിയുടെ അമിത ഉപഭോഗം കുറയ്ക്കൽ, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കൽ, ശുചിത്വ സന്ദേശം തുടങ്ങിയ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി. പ്രാദേശിക ഭാഷാനിഘണ്ടു തയ്യാറാക്കൽ, പുരാവസ്തു പ്രദർശനം, നാടൻ രുചിമേള, നാടൻ കളികളും കലകളും പരിചയപ്പെടുത്തൽ തുടങ്ങിയവയൊക്കെയായി പ്രവർത്തനം മുന്നേറി.
 പ്രധാനാധ്യാപകൻ കെ.കെ. അബൂബക്കറിന്റെ നേതൃത്വത്തിൽ സീഡ് കോ-ഓർഡിനേറ്റർമാരായ ഷാനിർബാബുവിനും  വി. റസാക്കിനുമൊപ്പം അധ്യാപകരും കുട്ടികളുടെ കൂടെ കൂടിയപ്പോൾ സമൂഹനന്മ കുട്ടികളിലൂടെ എന്ന സീഡ് ആശയം യാഥാർഥ്യമായി.

March 27
12:53 2017

Write a Comment

Related News