SEED News

രാജകുമാരി ഇനി ഹരിതരാജ്ഞി; ഹോളി ക്യൂന്‍സ് സീഡിന്റെ മികച്ച രണ്ടാമത്തെ വിശിഷ്ട ഹരിതവിദ്യാലയം

നെടുങ്കണ്ടം: ഇടുക്കിയുടെ 'രാജകുമാരി' ഇനി മാതൃഭൂമി സീഡിന്റെ വിശിഷ്ട ഹരിതവിദ്യാലയങ്ങളിലെ രാജ്ഞി. ഇത്തവണത്തെ മാതൃഭൂമി സീഡിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ വിശിഷ്ട ഹരിതവിദ്യാലയം പുരസ്‌കാരമാണ് രാജകുമാരി ഹോളി ക്യൂന്‍സ് യു.പി.സ്‌കൂള്‍ സ്വന്തമാക്കിയത്. 75,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം.

പച്ചപ്പ് നഷ്ടപ്പെടുന്ന ഹൈറേഞ്ചിന് ഹരിതശോഭ പകരുകയാണ് ഹോളിക്യൂന്‍സിലെ സീഡ് പ്രവര്‍ത്തകര്‍. പള്ളിക്കൂടമുറ്റത്ത് ചീര മുതല്‍ നെല്ല് വരെ നട്ട് കാര്‍ഷികപൈതൃകം തിരിച്ചുപിടിക്കുകയാണിവര്‍. കേരളത്തിലെ നാട്ടുമാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 'നാട്ടുമാഞ്ചോട്ടില്‍' എന്ന പദ്ധതി ഈ വര്‍ഷത്തെ സീഡിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു. ഹോളിക്യൂന്‍സില്‍നിന്നായിരുന്നു ഈ ആശയം ഉയര്‍ന്നുവന്നത്. നാട്ടുമാവുകളുടെ സംരക്ഷണത്തിന് ഇവര്‍ സ്‌കൂള്‍മുറ്റത്ത് 10 ഇനങ്ങളിലുള്ള മാവുകള്‍ നട്ട് തേന്മാവിന്‍ തോട്ടം നിര്‍മിച്ചു. നാട്ടുമാവുകളുടെ മുന്നോറോളം തൈകള്‍ ശേഖരിച്ച് കവറുകളിലാക്കി കുട്ടികള്‍ക്ക് നല്‍കി. നാട്ടുമാവ് പരിപാലനത്തിന് നാട്ടുമാവ് രജിസ്റ്റര്‍ തയ്യാറാക്കി.
സ്‌കൂള്‍വളപ്പില്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ 80 ഇനം പച്ചക്കറികള്‍ നട്ടു. ശൈത്യകാല പച്ചക്കറികള്‍ ഉള്‍പ്പെടെ 2,422 കിലോയാണ് കുട്ടിക്കര്‍ഷകര്‍ വിളവെടുത്തത്. പടുതയില്‍ മണ്ണ് നിറച്ച് കൃഷി ചെയ്ത നെല്ല്, ഗോതമ്പ്, ഓട്‌സ്, ചോളം തുടങ്ങിയവയും കുരുന്നുകരങ്ങള്‍ പരിപാലിച്ച് നൂറുമേനി വിളയിച്ചു. കൃഷിയും മാലിന്യസംസ്‌കരണവും സംയോജിപ്പിച്ച് അടുക്കളത്തോട്ടം കുട്ടികളുടെ വീടുകളിലേക്ക് വ്യാപിപ്പിച്ചു. വിത്തുബാങ്ക്, പയറുവര്‍ഗകൃഷി, ജൈവകീടനാശിനി നിര്‍മാണവും പ്രചാരണവും, കൃഷിരീതിയിലെ പുതിയ ജലസേചനമാര്‍ഗങ്ങളുടെ പരീക്ഷണം എന്നിവയെല്ലാം ഇവരെ വേറിട്ടതാക്കി.
21 ഇനം ഫലവൃക്ഷങ്ങള്‍, 15 ഇനം തെങ്ങുകള്‍, വൈവിധ്യമാര്‍ന്ന ഔഷധോദ്യാനം, ജൈവവൈവിധ്യ പാര്‍ക്ക്, ശലഭോദ്യാനം തുടങ്ങിയവയും സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സംരക്ഷിക്കുന്നു. ഹൈറേഞ്ചിന്റെ മാറുന്ന കാലാവസ്ഥയെക്കുറിച്ചുള്ള പഠനം, വനം-വന്യജീവി സംരക്ഷിതപ്രദേശങ്ങളുടെ സന്ദര്‍ശനം എന്നിവ നടത്തി. 
മഴക്കുഴികള്‍ സ്‌കൂളിലും കുട്ടികളുടെ വീടുകളിലും നിര്‍മിച്ചു. കൃഷിയിടത്തില്‍ തുള്ളിനന രീതിയിലാണ് ജലസേചനം. മലിനജലസംസ്‌കരണത്തിന് മുച്ചട്ടി അരിപ്പ ഉപയോഗിക്കുന്നു. കുടിവെള്ളസംരക്ഷണ റാലി നടത്തിയും പൊതുക്കുളം വൃത്തിയാക്കിയും സീഡിനെ സാമൂഹികബോധവത്കരണത്തിനുള്ള ആയുധമാക്കി.
ഉറവിടമാലിന്യസംസ്‌കരണം സ്‌കൂളില്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. ഉപയോഗശൂന്യമായ ടയറുകളില്‍ മണ്ണ് നിറച്ചും കൃഷി ചെയ്യുന്നു. ലൗപ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ശേഖരിച്ച് പുനഃചംക്രമണത്തിനക്കുന്നു. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബാലാവകാശം, ഗുഡ് ടച്ച് ബാഡ് ടച്ച് എന്നിവയെക്കുറിച്ച് ബോധവത്കരണം, കൗണ്‍സിലിങ് എന്നിവയും കുട്ടിക്കൂട്ട് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. കുട്ടികള്‍ ശേഖരിച്ച പൗരാണികവസ്തുക്കള്‍ ഉപയോഗിച്ച് ഒരു പൈതൃക മ്യൂസിയവും നാട്ടറിവ് ശേഖരണവും നടത്തി. സീഡ് പോലീസ് സംസ്ഥാനപാതയിലെ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി. സീസണ്‍വാച്ച് പ്രവര്‍ത്തനത്തിലും സ്‌കൂളിന്റെ സജീവ പങ്കാളിത്തമുണ്ട്. 
പ്രഥമാധ്യാപിക ലിജി വര്‍ഗീസ്, സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ എം.ബി.ജോയി, മാനേജര്‍ ഫാ. സെബാന്‍ മേലേട്ടില്‍, പി.ടി.എ. പ്രസിഡന്റ് ബിജു പെരിയപ്പിള്ളില്‍, എം.പി.ടി.എ. പ്രസിഡന്റ് മഞ്ജു ഷിജോ, രാജകുമാരി കൃഷി ഓഫീസര്‍ ബെറ്റ്‌സി മെറീന ജോണ്‍, മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് പ്രോത്സാഹനമായി ഒപ്പമുണ്ട്

March 27
12:53 2017

Write a Comment

Related News