SEED News

കിടങ്ങൂര്‍ സെന്റ് മേരീസ് സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം

കിടങ്ങൂര്‍ സെന്റ് മേരീസ് സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം


കോട്ടയം: പാടത്ത് പയറും കരയില്‍ നെല്ലും മട്ടുപ്പാവില്‍ പഴവും പച്ചക്കറികളും വിളയിച്ച കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂളിന് മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്‌കാരം. ജില്ലയിലെ മികച്ച പ്രവര്ത്തനമാണ് സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. 

പച്ചക്കറി വിളയിക്കുന്ന മികച്ച സ്‌കൂളിനുള്ള സംസ്ഥാനതല പുരസ്‌കാരങ്ങള്‍ സ്‌കൂളിന് പലതവണ ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പയറുവര്ഷാചരണത്തില്‍ രണ്ടേക്കര് പാടത്ത് പയര്‍ വിളവെടുത്തു. അര ഏക്കറില്‍ വീതം കരനെല്ല്, ഉഴുന്ന്, എള്ള് എന്നിവയും കൃഷി ചെയ്തു. 

നാട്ടുമാവ് സംരക്ഷണ പ്രവര്ത്തനങ്ങളുടെ ഭാഗമായി കട്ടച്ചിറ പാതയോരത്തെ മാവുകള്‍ സംരക്ഷിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ കളക്ടര്‍ക്കും നിവേദനം സമര്‍പ്പിച്ചു. നാട്ടിന്‍പുറങ്ങളിലെ നാല്പതില്‍ പരം നാട്ടുമാവിനങ്ങളുടെ തൈകള്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിച്ചു. 

മണ്ണറിവ് പകരാന്‍ കൃഷി ഓഫീസറെ പങ്കെടുപ്പിച്ച് മണ്ണുപരിശോധന, ജൈവവള നിര്മാണം എന്നിവ നടത്തി. ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കി മീനച്ചിലാറിന്റെ ഇരുകരകളിലേയും മൂന്നു കിലോമീറ്റര്‍ ദൂരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി. നദീസംരക്ഷണ യാത്ര നടത്തി. നദീതീരത്ത് മുള വെച്ചു പിടിപ്പിച്ചു. ഏറ്റവും കൂടുതല്‍ മഴക്കുഴി നിര്‍മിക്കുന്ന സീഡ് അംഗത്തിന് ധനപുരസ്‌കാരം ഏര്‍പ്പെടുത്തി. ജലപുനരുപയോഗത്തിന് കിണര്‍ റീചാര്‍ജിങ്, ജലപരിശോധന, മഴക്കാലരോഗ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. എല്ലാ വീട്ടിലും കൃഷി വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പുമായി ചേര്‍ന്ന് അടുക്കള തോട്ടം പദ്ധതി നടപ്പാക്കുന്നു. ഏറ്റവും നന്നായി കൃഷി ചെയ്യുന്ന 10 പേര്‍ക്ക് പി.ടി.എ. വക പുരസ്‌കാരം നല്‍കി വരുന്നു. 

സ്‌കൂള് മട്ടുപ്പാവില്‍ വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, കോളിഫ്‌ലവര്‍, പയര്‍ എന്നിവ കൃഷി ചെയ്യുന്നു. ഒപ്പം ഇവ ട്രേയില്‍ മുളപ്പിച്ച് അധ്യാപകര്‍ക്കം വിദ്യാര്‍ഥികള്‍ക്കും നല്‍കി. പപ്പായ, സപ്പോര്‍ട്ട്, സ്റ്റാര്‍ ഫ്രൂട്ട്, ലോലോലിക്ക, ഓറഞ്ച്, മാങ്ങ, ചൈനീസ് പേര, പ്ലാവ്, 150ല്‍ പരം ഔഷധ ചെടികള് എന്നിവ സംരക്ഷിക്കുന്നു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ലഹരിക്കെതിരെ വിപുലമായ ബോധവത്കരണവും റാലിയും സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളുടെയും മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഇവരുടെ വിജയത്തിന് പിന്നില്‍. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.എ.ബാബു, സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ എബി ജോണ്‍ എന്നിവര്ക്കാണ് നേതൃത്വം. 




March 27
12:53 2017

Write a Comment

Related News