SEED News

പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മികവ് കാട്ടിയ കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസിന് വീണ്ടും അംഗീകാരം.


 കൊല്ലം:   മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലയിലെ ശ്രേഷ്ട ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരമാണ് ഇത്തവണ സ്‌കൂളിനെ തേടിയെത്തിയത്. ഇത് രണ്ടാം തവണയാണ് സ്‌കൂള്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്.
നാടിന് മാതൃകയാകുന്ന ഒട്ടേറെ വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്‌കൂളിനായി.  സ്‌കൂളിലെ മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. സ്‌കൂള്‍ പ്രവേശനോത്സവ ദിവസം രക്ഷകര്‍ത്താക്കള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. 
കരുനാഗപ്പള്ളി ഗവ. ആയുര്‍വ്വേദ ആസ്പത്രി അങ്കണത്തില്‍ 'ഹരിതം ഔഷധം' എന്ന പേരില്‍ ഔഷധത്തോട്ടം ഒരുക്കിയതും കരനെല്‍ കൃഷിയും മികച്ച പ്രവര്‍ത്തനങ്ങളായിരുന്നു. താന്തിരി, ചിലന്തിപ്പച്ച, വാതംപറത്തി, കരുവീളി യശങ്ക്, കേശവര്‍ദ്ധിനി, പൂച്ചമീശ, വെള്ളനൊച്ചി, കൊയ്‌ന, എല്ലൂറി തുടങ്ങി അപൂര്‍വ്വയിനം ഔഷധച്ചെടികളുമായാണ് ഔഷധത്തോട്ടം ഒരുക്കിയത്. 

സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍ സ്ഥലത്താണ് കരനെല്‍കൃഷി നടത്തിയത്. കൃഷിഭവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു കൃഷി. നെല്ല് കുത്തിയെടുത്ത അരി സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. ജൈവകൃഷിയും വൃക്ഷത്തൈ നടീലും പച്ചക്കറി വിത്ത് വിതരണവും നടപ്പിലാക്കി. പള്ളിക്കലാറിനെ സംരക്ഷിക്കാന്‍ കല്ലുകടവ് മുതല്‍ ചാമ്പക്കടവ് വരെ പള്ളിക്കലാറിന്റെ ഇരുകരകളിലും കണ്ടല്‍ ചെടികള്‍ നട്ടു. അന്താരാഷ്ട്ര പയറുവര്‍ഗ്ഗ വര്‍ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ പയറുവര്‍ഗ്ഗ പ്രദര്‍ശനത്തോട്ടം ഒരുക്കി.   

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്വദേശിജൈവ ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ഉത്തര മലബാറിലെ ഓണപ്പൊട്ടനെ അവതരിപ്പിച്ചാണ് ഓണക്കാലത്ത് വിദ്യാര്‍ത്ഥികള്‍ ഹരിത പൈതൃക സന്ദേശം നല്‍കിയത്. ഓണക്കാലത്ത് ഉപയോഗിക്കാനായി പേപ്പര്‍ ബാഗുകളും നല്‍കി. ലഹരിവിമുക്ത സമൂഹത്തിനായി ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചു. 

സ്‌കൂളില്‍ കുട്ടികള്‍ നടപ്പാക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനായി ഹരിത വിഷന്‍ എന്നപേരില്‍ ചാനല്‍ തുടങ്ങി. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സ്‌കൂള്‍ ഇടവേളയിലാണ് ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്യുക. നാട്ടുമാവ് സര്‍വ്വേ, വീടുകളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ബോധവത്കരണം, ഹരിതസൗഹൃദ നഗരം പദ്ധതി,  വനയാത്രകള്‍, മഴക്കുഴി നിര്‍മ്മാണം, നാട്ടുകുളങ്ങളുടെ സര്‍വ്വേ, കാവുകളുടെ സര്‍വ്വേ, മികച്ച സീഡ് പ്രവര്‍ത്തനത്തിന് ഹരിശ്രീ പുരസ്‌കാരം, പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം, ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പേനകള്‍ ശേഖരിച്ച് വീണ്ടും ഉപയോഗിക്കല്‍,  മഷിപ്പേന, വെള്ളം കൊണ്ടവരാന്‍ സ്റ്റീല്‍ കുപ്പി, എന്നിവയും സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കി.


March 27
12:53 2017

Write a Comment

Related News