SEED News

സ്പ്രിങ്‌സിന് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്‌കാരം

നിലമ്പൂർ: പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തിയെടുക്കാനാകുകയെന്നത് ഏതൊരു പ്രകൃതിസ്‌നേഹിക്കും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന കാര്യമാണ്. അതാണ് മമ്പാട്  ടാണയിലുള്ള സ്പ്രിങ്‌സ് ഇന്റർനാഷണൽ സ്‌കൂളിനെ വ്യത്യസ്തരാക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ മികച്ച പ്രകൃതി സ്‌നേഹ-പരിപാലന പ്രവർത്തനങ്ങളിൽ നിന്നുണ്ടായ പാരിസ്ഥിതികാവബോധം അൽപ്പമൊന്നുമല്ല സ്‌കൂളിലെ കുട്ടികളുടെ മനസ്സിനെ കീഴടക്കിയത്. അത് സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ കാണാനും കഴിയുന്നു. ഇതൊരു പുതിയ സംസ്‌കാരത്തിന്റെ തുടർച്ചതന്നെയെന്ന് ഇപ്പോൾ സ്‌കൂളിലെത്തുന്ന ആരും പറയും. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ അത്രമേൽ വ്യാപൃതരാണ് കുട്ടികളും അധ്യാപകരും മാനേജ്‌മെന്റും.
ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചുമുതലാണ് സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. നാട്ടുമാവ് വർഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴാംക്ലാസിലെ നാൽപ്പതോളം കുട്ടികൾ ചുറ്റുപാടുകളിലെ വീടുകളിലെത്തി മാവുകളെക്കുറിച്ച് സർവേനടത്തി. മാവിൻതൈകൾ ഉപയോഗിച്ച് സ്‌കൂളിൽ തോട്ടമുണ്ടാക്കി. കുറെ തൈകൾ സമീപത്തുള്ളവർക്കും നൽകി നാട്ടുമാവിൻസംസ്‌കാരം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി. 
അടുക്കളത്തോട്ടം തിരിച്ചുപിടിക്കാനുള്ള തീവ്രമായ ശ്രമമാണ് സ്‌കൂളിൽ പിന്നീടു കണ്ടത്. ഇതിൽ കുട്ടികൾ മാത്രമല്ല സമൂഹംതന്നെ ഭാഗഭാക്കായി. ഇവിടെ പുതിയ തലമുറയിലെ കുട്ടികളാണ് അടുക്കളത്തോട്ടത്തിലേക്ക് പല രക്ഷകർത്താക്കളെയും വഴിതിരിച്ചത്. നല്ല ഭക്ഷണം എന്ന നമ്മുടെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമം തന്നെയായിരുന്നു അത്. അതിന്റെ ഭാഗമായാണ് വെണ്ട, കുമ്പളം, പാവയ്ക്ക, വിവിധയിനം ചീരകൾ, വഴുതന, പടവലം, വെള്ളരി, കറിവേപ്പില, പയർ, ബീൻസ് തുടങ്ങിയവ സ്‌കൂളിന്റെ അടുക്കളത്തോട്ടത്തിലുണ്ടാക്കിയത്.
ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണനയാണ് സ്‌കൂൾ നൽകിയത്. പച്ചക്കറികൾക്ക് പുറമെ പഴങ്ങൾ, ഔഷധത്തോട്ടം, സ്‌കൂൾ നഴ്‌സറി, ജൻമനക്ഷത്രങ്ങളെ ആസ്പദമാക്കിയുള്ള മരങ്ങളുടെ തോട്ടങ്ങൾ, ജൈവവൈവിധ്യോദ്യാനങ്ങൾ എന്നിവയും സ്‌കൂളിൽ തയ്യാറാക്കി. മത്സ്യകൃഷിക്ക് പ്രാധാന്യം നൽകിയതിന്റെ തെളിവാണ് സ്‌കൂൾ പരിസരത്തെ കുളവും അതിലെ വിവിധ മത്സ്യസമ്പത്തും. ആമയേയും ഈ കുളത്തിൽ വളർത്തുന്നുണ്ട്. നെൽക്കൃഷിയുടെ പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കാനായി മുണ്ടേരിയിലെയടക്കമുള്ള വിത്തുകൃഷിത്തോട്ടങ്ങൾ സന്ദർശിച്ചു. അതോടൊപ്പം കർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചു. സ്‌കൂളിലെ കൃഷികൾക്ക് ജൈവകീടനിയന്ത്രണ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. കംപോസ്റ്റ് കുഴി, മഴക്കുഴി, മഴവെള്ളസംഭരണി, വെർമി കംപോസ്റ്റ് കുഴി എന്നിവയും സ്‌കൂളിൽ നടപ്പാക്കി. രക്ഷിതാക്കളുടെകൂടി പങ്കാളിത്തത്തോടെ പരമ്പരാഗത ഭക്ഷ്യമേളയും നടത്തി.
ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സമീപത്തെ കുളങ്ങൾ, കിണറുകൾ എന്നിവ വൃത്തിയാക്കി. ചാലിയാർപുഴ സംരക്ഷണത്തിനും പ്രാധാന്യംനൽകി.  റാലികൾ, ശില്പശാലകൾ, പ്രചാരണങ്ങൾ, ഊർജസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സൈക്കിൾ റാലി, സൗരോർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, എൽ.ഇ.ഡി. ബൾബ് ഉപയോഗിക്കൽ തുടങ്ങിയവയും സ്‌കൂൾ കേന്ദ്രീകരിച്ച് നടപ്പാക്കി. സ്‌കൂളും പരിസരവും ശുചിത്വസുന്ദര കാമ്പസാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളോട് വിടപറഞ്ഞത്. സീഡ് പോലീസിലെ കുട്ടികൾ നിലമ്പൂർ നഗരസഭാധ്യക്ഷ, എടക്കര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവരെ സന്ദർശിച്ച് പ്ലാസ്റ്റിക് നിർമാർജനപദ്ധതി നടപ്പാക്കാൻ നിവേദനംനൽകി.
കുട്ടികളുടെ സുരക്ഷിതമായ ബാല്യം എന്ന അവകാശ സംരക്ഷണത്തിന് കുട്ടികളെ ഉപയോഗിച്ചുതന്നെ തെരുവുനാടകങ്ങൾ അവതരിപ്പിച്ചു. റോഡ്‌സുരക്ഷാറാലിയും നടത്തി. നാടിന്റെ പൈതൃകങ്ങളെ അടുത്തറിയാനും കുട്ടികളിൽ അവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഒരു പൈതൃക മ്യൂസിയത്തിനുതന്നെ രൂപംനൽകി. ഇതിന്റെ ഭാഗമായി പ്രാദേശികഭാഷാ നിഘണ്ടു നിർമിച്ചു. ആദിവാസികൾക്കാവശ്യമായ വസ്ത്രങ്ങൾ, ഭക്ഷണം എന്നിവയും നൽകി. 
നിരന്തരമായ ബോധവത്കരണവും ഇടപെടലും കൊണ്ടാണ് മമ്പാട് ടാണയിലെ ദ സ്പ്രിങ്‌സ് ഇന്റർനാഷണൽ സ്‌കൂളിലെ സീഡ് പ്രവർത്തകർ  വലിയ മാറ്റത്തിന് തുടക്കമിട്ടത്. സ്‌കൂളിലെ സീഡ് കോ-ഓർഡിനേറ്റർ ചിത്ര സുരേഷ് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് മാർഗദർശിയായി.


March 27
12:53 2017

Write a Comment

Related News