GK News

21 ഇനം ദിനോസര്‍ കാല്‍പ്പാടുകള്‍; ഓസ്‌ട്രേലിയയിലൊരു 'ജുറാസിക് പാര്‍ക്ക്'

ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വൈവിധ്യമേറിയ ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഗവേഷകര്‍ കണ്ടെത്തി. 'ഓസ്‌ട്രേലിയയിലെ ജുറാസിക് പാര്‍ക്ക്' എന്നാണ് ഈ പ്രദേശത്തെ ഗവഷകര്‍ വിശേഷിപ്പിക്കുന്നത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വാല്‍മഡാനി മേഖലയില്‍ 25 കിലോമീറ്റര്‍ വരുന്ന പാറപ്പരപ്പില്‍ 21 വ്യത്യസ്തയിനം ദിനോസറുകളുടെ കാല്‍പ്പാടുകളാണ് ഗവേഷകര്‍ കണ്ടത്.

'2016 മെമ്മയര്‍ ഓഫ് ദി സൊസൈറ്റി ഓഫ് പാലിയന്റോളജി'യിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

12.7 കോടി മുതല്‍ 14 കോടി വര്‍ഷം വരെ പഴക്കമുള്ളതാണ്, ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ള ശിലാപ്രതലം. ഒരേ സ്ഥലത്ത് ഇത്രയേറെ വ്യത്യസ്തയിനം ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ളത് മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന്, പഠനസംഘത്തിലെ ഡോ.സ്റ്റീവ് സാലിസ്ബറി പറയുന്നു. 

'ഇത് ശരിക്കുമൊരു മാന്ത്രികമേഖലയാണ്. ഓസ്‌ട്രേലിയയുടെ സ്വന്തം ജുറാസിക് പാര്‍ക്ക്' - ഡോ.സാലിസ്ബറി പറഞ്ഞു. തിരിച്ചറിഞ്ഞതില്‍ ഒരു കാല്‍പ്പാദം 1.7 മീറ്റര്‍ വിസ്താരമുള്ളതാണ്. ഇതിനര്‍ഥം ആ ദിനോസര്‍ ഭീമാകാരമാര്‍ന്ന ഒന്നായിരുന്നു എന്നാണ്, അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. 

1.06 മീറ്റര്‍ വലുപ്പമുള്ള ദിനോസര്‍ കാല്‍പ്പാട് കഴിഞ്ഞ വര്‍ഷം മംഗോളിയയില്‍ കണ്ടെത്തിയിരുന്നു. അതിലും വലുപ്പമുള്ള ദിനോസര്‍ കാല്‍പ്പാദമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഉള്ളത്. ക്വീന്‍സ്‌ലന്‍ഡ് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെയും, ജെയിംസ് കുക്ക് സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് എണ്‍വിരോണ്‍മെന്റല്‍ സയന്‍സസിലെയും ഗവേഷകരാണ്, ഓസ്‌ട്രേലിയന്‍ ജുറാസിക് പാര്‍ക്കിനെക്കുറിച്ച് പഠനം നടത്തിയത്.

(കടപ്പാട്:മാതൃഭൂമി ഓൺലൈൻ ) 


March 29
12:53 2017

Write a Comment