SEED News

വരൂ, ഈ വേനലില്‍ നമുക്ക് മാഞ്ചുവടുകളിലേക്ക് തിരിച്ചുനടക്കാം

കോഴിക്കോട്: മധ്യവേനല്‍ മാസങ്ങള്‍ ഉരുകുന്ന ചൂടും ഉഷ്ണക്കാറ്റും തീരാത്ത ദാഹവും മാത്രമല്ല കൊണ്ടുവരുന്നത്. ഉഷ്ണകാലത്തിന്റെ ഉള്ളം തണുപ്പിക്കാന്‍ മാവായ മാവിലെല്ലാം മാങ്ങകള്‍ നിറയുന്നു. എന്തെല്ലാം പേരുകളില്‍ എത്രയെത്ര തരങ്ങളിലാണ് അവ പൂക്കുന്നത്... മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, കര്‍പ്പൂരം, ചക്കരക്കുട്ടി, പുളിയന്‍, ഒളോര്‍, തത്തച്ചുണ്ടന്‍, തത്തക്കൊമ്പന്‍, മല്‍ഗോവ, മൂക്കുചുവപ്പന്‍, മൈലാപ്പുര്‍, മുന്തിരിയന്‍, തേന്മാവ്, പ്രയൂര്‍, കുറുക്കന്‍, കുറ്റിയാട്ടൂര്‍, ചന്ദ്രക്കാരന്‍, നീലം മാങ്ങ, നമ്പ്യാര്‍മാങ്ങ... ഓരോ ദേശങ്ങളില്‍ ഓരോ പേരുകളില്‍ മാവുകള്‍ പൂത്തുനിറയുന്നു. അവ പഴുത്തൊരുങ്ങുമ്പോള്‍ മാവുകള്‍ തലകുനിക്കുന്നു.

മലയാളിക്കുമാത്രമായി ഗൃഹാതുരമായ ഒരു മാമ്പഴക്കാലമുണ്ടായിരുന്നു. മാഞ്ചുവടുകള്‍ കളിമുറ്റങ്ങളായിരുന്ന കുട്ടിക്കാലം. ഉണ്ണിമാങ്ങകള്‍ ഞെട്ടടരുന്ന ചുനമണം മുതല്‍ പഴുത്തമാങ്ങയുടെ തേന്മണം വരെ കാറ്റില്‍ക്കലര്‍ന്ന കാലം. ഒരു മാങ്ങ കല്ലെറിഞ്ഞ് വീഴ്ത്താന്‍പോലുമാവാത്ത ദൂരത്തേക്ക് പുതിയ തലമുറ വഴിമാറിയപ്പോള്‍ ആ കാലവും എങ്ങോ മറഞ്ഞു. മാവുകള്‍ ഇന്ന് ആര്‍ക്കോ വേണ്ടി പൂക്കുന്നു, കായ്ക്കുന്നു, പഴുക്കുന്നു.

പുതുതലമുറയില്‍ പാരിസ്ഥിതികബോധം വളര്‍ത്തുകയും പ്രകൃതിയോട് അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന 'മാതൃഭൂമി സീഡ്' കേരളത്തിലെ കൂട്ടികള്‍ക്ക് ഗൃഹാതുരമായ ആ മാമ്പഴക്കാലം തിരിച്ചുനല്‍കുകയാണ് ഈ വേനലവധിയില്‍. ഗൃഹാതുരതയുടെ മാഞ്ചുവടുകളിലേക്ക് പുതിയ തലമുറയെ തിരിച്ചുനടത്തുന്നു.

വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത്: ഈ വേനല്‍ക്കാലത്ത് നാട്ടുമാങ്ങയുടെ അണ്ടികള്‍ പരമാവധി ശേഖരിച്ച് മുളപ്പിക്കുക. വിവിധ ഇനങ്ങളില്‍ ഉള്ളതായിരിക്കണം ഇവ. ചന്തയില്‍ കിട്ടുന്ന ഒട്ടുമാങ്ങാത്തൈകള്‍ മുളപ്പിക്കരുത്. അതത് പ്രദേശങ്ങളില്‍മാത്രം കാണുന്ന അപൂര്‍വ ഇനം നാട്ടുമാങ്ങകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നട്ടുപിടിപ്പിക്കാം.

സ്‌കൂള്‍ പ്രധാനാധ്യാപകന്റെയും സീഡ് കോ-ഓര്‍ഡിനേറ്ററുടെയും നേതൃത്വത്തിലാണ് ഇത് ചെയ്യേണ്ടത്. മുളപ്പിച്ച നാട്ടുമാവിന്‍ തൈകള്‍ ജൂലായ് മാസത്തില്‍ സ്‌കൂളില്‍ കൊണ്ടുവരണം. ഏറ്റവും കൂടുതല്‍ ഇനവും എണ്ണവും ശേഖരിക്കുന്ന വിദ്യാലയത്തിന് സമ്മാനം നല്‍കും. നാട്ടുമാവുകള്‍ തിരിച്ചറിയുന്ന വിദഗ്ധരായ കര്‍ഷകരുടെ പാനലായിരിക്കും വിജയികളെ തീരുമാനിക്കുക. സ്വന്തമായി വീട്ടുവളപ്പില്‍ നാട്ടുമാവ് ഉള്ളവര്‍ മാങ്ങയണ്ടികള്‍ നശിപ്പിക്കാതെ തൊട്ടടുത്ത സീഡ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ അറിയിച്ചാല്‍ മതി. അവര്‍ വീട്ടിലെത്തി അവ ശേഖരിക്കും.

കഴിഞ്ഞ അധ്യയനവര്‍ഷം മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ 'നാട്ടുമാഞ്ചോട്ടില്‍' എന്ന പ്രവര്‍ത്തനത്തിന് ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. അന്ന് കുട്ടികള്‍ 35,000 നാട്ടുമാവുകള്‍ മുളപ്പിച്ചു. ഇത്തവണ ഒരു ലക്ഷം നാട്ടുമാവിന്‍ തൈകള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 

ഈ വേനലില്‍ നാട്ടുമാവിന്‍ വിത്തുകള്‍തേടി അലയുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ പുതിയ ഒരു മാമ്പഴക്കാലത്തെ തിരിച്ചുപിടിക്കുകയാണ്. ഇനി, 'തീര്‍ന്നൂ മാമ്പഴക്കാലം...' എന്ന ഖേദം ഉണ്ടാവില്ല. സീഡിലൂടെ തിരിച്ചുപിടിക്കാം നമുക്ക് ആ മാമ്പഴക്കാലത്തെ. 

March 31
12:53 2017

Write a Comment

Related News