environmental News

പശ്ചിമഘട്ടത്തില്‍ പുതിയ ഇനം തുമ്പിയെ കണ്ടെത്തി

പശ്ചിമഘട്ടത്തില്‍ നിന്നും ഒരു പുതിയ ഇനം തുമ്പിയെ കൂടി കണ്ടെത്തിയിരിക്കുന്നു. കോഴിക്കോട് സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരായ ഡോ. കെ.ജി.എമിലിയമ്മയും ഡോ.ജാഫര്‍ പാലോട്ടും ആണ് ഈ കണ്ടുപിടുത്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. 

സൂചിതുമ്പി (Damselfy) വിഭാഗത്തിലെ നിഴല്‍ തുമ്പി (Reed - tails)കളുടെ കുടുംബമായ പ്ലാറ്റിസ്റ്റിക്റ്റിഡെ (Plastystictidea) കുടുംബത്തിലാണ് ഈ ഉള്‍പ്പെടുന്നത്. പ്രോട്ടോസ്റ്റിക് മോന്‍ടികോള (Protosticta monticola) എന്നാണ് പുതിയ തുമ്പിക്ക് പേര് നല്‍കിയിട്ടുള്ളത്.

മലമുകളില്‍ വസിക്കുന്നത് എന്ന അര്‍ത്ഥമാണ് 'മോന്‍ടികോള' എന്ന് പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര ജേര്‍ണലായ  Journal of Threatened Taxa യുടെ ഡിസംബര്‍ ലക്കത്തിലാണ് പുതിയ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പശ്ചിമഘട്ട മലനിരയില്‍ ഏകദേശം 1600 - 1700 മീറ്റര്‍ ഉയരത്തിലുള്ള ചോലക്കാടുകളിലാണ് ഇവയുടെ ആവാസസ്ഥലം. ഇടുക്കി ജില്ലയില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന മറയൂര്‍ Sandal wood Division-ലെ കമ്പിളിപ്പാറ ചോലയിലും നാഗമലചോലയിലുമാണ് ഇവയെ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെ മതിക്കെട്ടാന്‍ ചോല നാഷണല്‍ പാര്‍ക്കിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യയില്‍ കണ്ടെത്തിയ 11 ഇനം നിഴല്‍ തുമ്പികളില്‍ 9 എണ്ണം പശ്ചിമഘട്ടത്തിലും 8 എണ്ണം കേരളത്തിലുമാണ്. നിഴല്‍ തുമ്പികളുടെ ഉദരത്തിന്റെ ഏറ്റവും അറ്റത്തുള്ള ജനനേന്ദ്രിയത്തിന്റെ വ്യത്യസ്തമായ ആകൃതിയാണ് ഓരോ സ്പീഷിസിനേയും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്. പുതിയ തുമ്പിയുടെ കണ്ടുപിടുത്തത്തോടെ കേരളത്തിലുള്ള തുമ്പികളുടെ വൈവിധ്യം 159 എണ്ണമായി.

(കടപാട് :-International Journal of Threatened Taxa)

April 29
12:53 2017

Write a Comment