GK News

എലി പട്ടാളമായും ഡോക്ടറായും

'giant pouched rats' എന്ന് പേരുള്ള ഒരുതരം എലികള്‍ ഉണ്ട്. എലികള്‍ എന്ന് സത്യത്തില്‍ അവയെ വിളിക്കാന്‍ പാടില്ലാത്തതാണ്. കാരണം, നമ്മുടെ സാധാരണ എലികളുടെ വളരെ വിദൂരമായ ഒരു ബന്ധമേ ഇവയ്ക്കുള്ളൂ .
കവിളില്‍ രണ്ടു സഞ്ചികള്‍ ഉള്ളതു കൊണ്ടാണ് ഇവയെ 'giant pouched rats' എന്നു വിളിക്കുന്നത്. കരണ്ടു തിന്നുന്ന ജീവി വര്‍ഗത്തില്‍ പെടുന്ന ഇവയ്ക്ക് കാഴ്ചയില്‍ എലികളോടു നല്ല സാമ്യമാണ്.
മണം പിടിക്കാന്‍ അസാമാന്യമായ കഴിവുണ്ട് ഇവയ്ക്ക്. പ്രത്യേകിച്ച്, ഇഷ്ടഭക്ഷണമായ വാഴപ്പഴവും കപ്പലണ്ടിയും എവിടെക്കിട്ടിയാലും മണത്തറിയും. ഈ ഒരു ഗുണം കൊണ്ടുതന്നെ, മനുഷ്യര്‍ ഇവയെ പരിശീലിപ്പിച്ചെടുക്കാറുണ്ട്. പ്രധാന ഉപയോഗം മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന മൈനുകള്‍ മണത്ത് എടുക്കുക എന്നുള്ളതാണ്. വെറും അഞ്ചു സെക്കന്‍ഡ് മണത്തുകഴിഞ്ഞാല്‍ ഇവയ്ക്ക് വെടിമരുന്നുകള്‍ കണ്ടെത്താന്‍ കഴിയും. നാലു ദിവസംകൊണ്ട് ഒരു മനുഷ്യന്‍ കണ്ടെത്തുന്ന ലാന്‍ഡ് മൈനുകള്‍ വെറും ഇരുപത് മിനിട്ടുകൊണ്ട് കണ്ടുപിടിക്കാന്‍ ഇവയ്ക്കു കഴിയും.
 ബെല്‍ജിയംകാരനായ ബാര്‍ട്ട് വീറ്റ്‌ജെന്‍സ് എന്നയാള്‍ ആണ് ഇവയെ ബോംബ് കണ്ടുപിടിക്കാന്‍ പരിശീലനം നല്‍കാമെന്നു കണ്ടെത്തിയത് .
ഇതുകൊണ്ടു തീര്‍ന്നില്ല ഈ ജീവിയുടെ ഉപയോഗം. ഒരാളുടെ കഫം മണത്താല്‍ അയാള്‍ക്ക് ക്ഷയം ഉണ്ടോ എന്നു കണ്ടുപിടിക്കാനും ഇവയ്ക്ക് കഴിവുണ്ട്. സാധാരണ ഒരു പരീക്ഷണശാലയില്‍ മുപ്പതു മുതല്‍ നാല്‍പ്പത് വരെ ആളുകളുടെ രക്തം പരിശോധിച്ച് ക്ഷയം കണ്ടെത്താന്‍ കഴിയുമെങ്കില്‍ ഈ 'എലി' ഒരു ദിവസം കണ്ടെത്തുന്നത് നൂറിനു മേലെയാണ്. അതും യാതൊരു ചെലവും ഇല്ലാതെ. ബോംബുകള്‍  കണ്ടെത്തുകയും ക്ഷയം തിരിച്ചറിയുകയും ചെയ്യുന്ന എലികള്‍ക്ക് 'ഹീറോ റാറ്റ്‌സ്' എന്നാണു പേര്.

May 02
12:53 2017

Write a Comment