SEED News

ബോധി ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കമായി കുട്ടികാടൊരു പാഠ്യശാല, കൂട്ടുകൂടാന്‍ മരങ്ങള്‍

ആലുവ: അത്തിമരങ്ങളുടെ ചുവട്ടിലൊരുക്കിയ പഠന മുറിയില്‍ പ്രകൃതിയോടിണങ്ങിയുള്ള പാഠ്യശാല. ആലുവ പെരിയാറിന്റെ തീരത്ത് 'മാതൃഭൂമി' ഒരുക്കിയ ആര്‍ബറേറ്റത്തില്‍ സംഘടിപ്പിച്ച ദ്വിദിന അവധിക്കാല ശില്പശാലയായ 'ബോധി'യാണ് പ്രകൃതി സ്‌നേഹത്തിന്റേയും, പുതിയ അറിവിന്റേയും കൂടൊരുക്കിയത്. 
സീഡ് അംഗങ്ങളായ കൊച്ചു മിടുക്കന്മാര്‍ക്കും, മിടുക്കികള്‍ക്കുമായി പ്രകൃതിയും, മരങ്ങളുമുള്ള ഭൂമിയുടെ ജൈവ കൗതുകത്തെ പറ്റി രസകരമായ കഥകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ക്ലാസ്. തമ്മനം നളന്ദ പബ്ലിക്ക് സ്‌കൂള്‍, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി, ഗവണ്‍മെന്റ് എച്ച്.എസ്.എസ്. സൗത്ത് എഴിപ്രം, കോടനാട് മാര്‍ ഔഗന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ശില്പശാലയ്‌ക്കെത്തിയത്.  
കുട്ടികള്‍ മാതൃകതോട്ടം നടന്നു കാണുകയും ഓരോ മരങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. നക്ഷത്ര വനം, രാശി വനം, നവഗ്രഹ വനം തുടങ്ങി ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മരങ്ങള്‍ക്കിടയിലൂടെ പ്രൊഫ.എസ്. സീതാരാമന്‍ കുട്ടികളുമൊത്ത്് 'കാടു കാണല്‍' നടത്തി. അതിനുശേഷമാണ് അത്തിമരചുവട്ടിലെ പാഠ്യശാലയിലേയ്‌ക്കെത്തിയത്. 
വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എസ്. ഉണ്ണികൃഷ്ണന്‍ മരങ്ങളും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ പറ്റി കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും വനം വന്യജീവി ഫോട്ടോഗ്രാഫറുമായ ബി. ഷെഫീക്ക് കാടിലൂടെയുള്ള യാത്രയെ പറ്റി വിവരിച്ചു. മാതൃഭൂമി ടെലിവിഷന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ജി. ഷഹീദ് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ക്ലബ്ബ് എം.എഫ്. പ്രതിനിധികള്‍ വിനോദ വിജ്ഞാന പരിപാടികളുമായി കുട്ടികളെ കൈയ്യിലെടുത്തു. പരിസ്ഥിതി സംബന്ധമായ പ്രശ്‌നോത്തരിയും കളികളുമാണ് നടത്തിയത്. പ്രോഗ്രാം ഹെഡ് പ്രിയരാജ്, റാഫി എന്നിവര്‍ നേതൃത്വം നല്‍കി. 
തുടര്‍ന്ന് ഏലൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ടി.ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അപകട മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളെ പറ്റി കുട്ടികള്‍ക്ക് വിശദീകരിച്ചു. 'ബോധി' ശില്പശാലയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച തട്ടേകാട് പക്ഷി സങ്കേതത്തിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ യാത്ര തിരിക്കും. 

May 04
12:53 2017

Write a Comment

Related News