GK News

ചെടികള്‍ നടുന്ന ഉറുമ്പുകള്‍.

വാസയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ 'അവതാര്‍' എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പ്രമേയം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, 'പന്‍ഡോര'യെന്ന വിദൂര ഉപഗ്രഹവും അവിടുത്തെ നീലനിറമുള്ള പ്രാദേശിക 'നവി' ( Na'vi ) വര്‍ഗ്ഗക്കാരും 2154ല്‍ അവിടെയെത്തുന്ന മനുഷ്യരുമാണുള്ളത്.

പന്‍ഡോരയിലെ നവി വര്‍ഗ്ഗക്കാര്‍ പാര്‍ക്കുന്നത് വിശാലമായ 'ഭവനവൃക്ഷങ്ങളി'ല്‍ ( Hometree ) ആണ്. വളരെ പൊക്കത്തില്‍ വിശാലമായി വളരുന്ന ആ വിചിത്രവൃക്ഷങ്ങളാണ് അവരുടെ ജീവിതം സാധ്യമാക്കുന്നത്. ആ വൃക്ഷവിശാലതകളില്‍ പാര്‍പ്പിടങ്ങളുള്‍പ്പടെ എല്ലാം അവര്‍ ഒരുക്കുന്നു. ഒരുതരം ആകാശനഗരങ്ങള്‍ തന്നെ അവര്‍ സൃഷ്ടിക്കുന്നു.

ഫിജിയിലെ ഒരിനം ഉറുമ്പുകള്‍ വൃക്ഷങ്ങള്‍ക്ക് മുകളില്‍ കൃഷി നടത്തുകയും 'സസ്യനഗരങ്ങള്‍' സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന കണ്ടെത്തല്‍, അവതാറിലെ നവി ജനതയെയും ഭവനവൃക്ഷങ്ങളെയും ഓര്‍മിപ്പിക്കും. 'ഫിലിദ്രിസ് നാഗാസോ' ( Philidris nagasau ) എന്നയിനം ഉറുമ്പുകളാണ്, വൃക്ഷശിഖരങ്ങില്‍ 'സ്‌ക്വാമെല്ലാരിയ' ( Squamellaria ) ചെടികള്‍ നട്ടുവളര്‍ത്തി സ്വന്തം പാര്‍പ്പിടവും ഭക്ഷണവും ഒരുക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. 

ഉറുമ്പുകളെങ്ങനെ ചെടികള്‍ നടും, വൃക്ഷശിഖരങ്ങളില്‍ അവയ്‌ക്കെങ്ങനെ പാര്‍പ്പിടവും ഭക്ഷണവുമുണ്ടാക്കാന്‍ കഴിയും എന്നൊക്കെ ഇത് വായിക്കുമ്പോള്‍ സംശയം തോന്നാം. പക്ഷേ, സംഭവം സത്യമാണ്. പ്രകൃതിയുടെ രീതികള്‍ പലപ്പോഴും നമ്മുടെ സങ്കല്‍പ്പത്തിന് പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം വിചിത്രങ്ങളാണ്. ഫിലിദ്രിസ് ഉറുമ്പുകളുടെ അതിജീവനത്തിന്റെ രഹസ്യം പഠിച്ച, ജര്‍മനിയില്‍ മ്യൂണിക്ക് സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ഗ്വില്ലോം ചോമിക്കിയും സംഘവും കണ്ടെത്തിയത് അതാണ്. 

ഫിലിദ്രിസ് ഉറുമ്പുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ഏര്‍പ്പാട്. കുറഞ്ഞത് 30 ലക്ഷം വര്‍ഷമായി അവ കൃഷി തുടങ്ങിയിട്ടെന്ന് 'നേച്ചര്‍ പ്ലാന്റ്‌സ് ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ ഗ്വില്ലോം ചോമിക്കി, സൂസാന്‍ എസ്. റെന്നര്‍ എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

(ചിത്രങ്ങൾക്കും വാർത്തകൾക്കും കടപ്പാട് :-നേച്ചർ പ്ലാന്റ്സ് ജേർണൽ )

May 26
12:53 2017

Write a Comment