environmental News

ലോകത്തിലെ അപൂര്‍വ്വമായ ആമ

ലോകത്തിലെ ഏറ്റവും അപൂര്‍വ്വമായ ജീവികളില്‍ ഒന്നാണ് യാങ്‌സ്‌ടെ ജയന്റ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ എന്ന് പറയുന്ന ചൈനീസ് ആമ. ചൈനക്കാര്‍ ഇതിനെ വിളിക്കുന്നത് speckled softshell turtle എന്നാണ്. സാധാരണ ശുദ്ധജല തടാകത്തില്‍ കാണപ്പെടുന്ന ഈ ആമകള്‍ക്ക് സാധാരണ ആമകളെ പോലെ കട്ടിയുള്ള പുറംതോടില്ല. ലോകത്ത് ഇന്നാകെ മൂന്നെണ്ണമേ ജീവിച്ചിരിപ്പുള്ളൂ. ഒരു പെണ്ണും രണ്ടാണും. ഇതില്‍ ഒരാണും ഒരു പെണ്ണും ഇപ്പോള്‍ ചൈനയിലെ സൂഷ മൃഗശാലയിലാണുള്ളത്. ഇവയെ ഇണ ചേര്‍ക്കുവാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കിലും പെണ്‍ ആമ ഇട്ട മുട്ടകള്‍ ഒന്നും തന്നെ ഇത് വരെ വിരിഞ്ഞിട്ടില്ല. അവളുടെ പ്രായമാണ് ഒരു തടസം. എണ്‍പത് വയസുണ്ട് ആ പെണ്‍ ആമയ്ക്ക്. ചൈനയിലെ മൃഗശാലയിലെ ആമകള്‍ ഇപ്പോള്‍ ഇണ ചേരാറുണ്ടെങ്കിലും 2013 നു ശേഷം മുട്ടകള്‍ ഇട്ടിട്ടില്ല. 2015 മുതല്‍ കൃത്രിമ ഗര്‍ഭധാരണ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെങ്കിലും അവയും ഇത് വരെ വിജയിച്ചിട്ടില്ല എന്നതാണ് സങ്കടം. എങ്കിലും ശാസ്ത്രജ്ഞര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. 
സാധാരണ ശുദ്ധജലത്തില്‍ വളരുന്ന ഈ ആമകള്‍ക്ക് നൂറു സെന്റിമീറ്റര്‍ നീളവും എഴുപത് സെന്റിമീറ്റര്‍ വീതിയും എഴുപത് മുതല്‍ നൂറു കിലോ വരെ ഭാരവും ഉണ്ടാകാറുണ്ട്. അത് കൊണ്ട് തന്നെ ശുദ്ധ ജലത്തില്‍ വളരുന്ന ആമകളില്‍ ഏറ്റവും വലിയവയാണിവ. ചൈനയിലെ പല ഐതിഹ്യങ്ങളിലും ഈ ആമകള്‍ നായകന്മാരാണ്. ബലവാനും സുവര്‍ണ്ണ നിറമുള്ളവനുമായ കിം ക്വി, ഹോവാന്‍ കീം നദിയില്‍ ജീവിക്കുന്നതായി കരുതപ്പെടുന്നു. പലപ്പോഴായി ചൈനയിലെ രാജവംശത്തെ ഈ ആമ സഹായിച്ചതായി പഴയകാല കൃതികളില്‍ പരാമര്‍ശം കാണാം.

May 30
12:53 2017

Write a Comment