environmental News

വംശനാശത്തിന്റെ എണ്ണം

ചില പക്ഷികളെക്കുറിച്ചും മൃഗങ്ങളെ കുറിച്ചും വിവരിക്കുമ്പോള്‍ അവ വംശനാശത്തിന്റെ വക്കിലാണ് എന്ന് കാണാം. എങ്കില്‍ അവ ഭൂമിയില്‍ ഇനി എത്രയെണ്ണം ഉണ്ടാകാം? മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടാണ് ഒരു ജീവിക്ക് വംശനാശം ഉണ്ടാകുന്നത്. ഒന്നാമത്തേതും ഏറ്റവും രൂക്ഷവുമായ പ്രശ്‌നം പരിസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റമാണ്. ഭക്ഷണവും ജലവും തന്നെ കിട്ടാത്ത അവസ്ഥ ഉണ്ടായി ഒരു പക്ഷേ ചില ജീവികളുടെ വര്‍ഗ്ഗം തന്നെ ഇല്ലാതാകാം. മറ്റൊരു പ്രശ്‌നം രോഗമാണ്. ഷിട്രിഡ് എന്ന ഫംഗസിന്റെ ബാധ മൂലം പല തവള വര്‍ഗ്ഗങ്ങളും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതായി. 
സാധാരണ കണ്ടുവരാത്ത മറ്റ് ജീവികള്‍ കടന്നു വന്നു അവിടെ നിലവിലുള്ള ജീവികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും വംശനാശത്തിന് കാരണമാണ്. മനുഷ്യനാണ് ഇത്തരം കാര്യങ്ങളില്‍ സാധാരണ പ്രതിസ്ഥാനത്തുണ്ടാകുക. രാജ്യങ്ങള്‍ക്കിടയില്‍ പുതിയ അതിരുകള്‍ ഉണ്ടാകുന്നത് പല മൃഗങ്ങളുടെയും ഭക്ഷണത്തേയും ഇണ ചേരലിനെയും ബാധിക്കാറുണ്ട്. 
റഷ്യയില്‍ ഇത് സംഭവിച്ചിട്ടുണ്ട്. വംശനാശത്തിന്റെ ഭീഷണിയിലാണ് ഒരു ജീവി എന്ന് പറയുവാന്‍ എത്ര എണ്ണം വേണം എന്ന് ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല എന്ന് സാരം. എങ്കിലും ആയിരത്തില്‍ താഴെ എണ്ണം എത്തിയാല്‍ പ്രത്യുത്പാദനം തന്നെ പ്രശ്‌നമായി ആ വംശം ഇല്ലാതാകാം. എന്നാല്‍ നൂറില്‍ താഴെ മാത്രമുണ്ടായിരുന്ന ചിലയിനം ജീവികളെയും പക്ഷികളെയും സംരക്ഷിച്ച് വംശനാശത്തില്‍ നിന്നും രക്ഷിക്കുവാനും ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. 1940 കളില്‍ അമേരിക്കയില്‍ വൂപ്പിംഗ് കൊക്കുകള്‍ ഉണ്ടായിരുന്നത്  ആകെ ഇരുപത്തിമൂന്നെണ്ണം മാത്രം. പക്ഷേ കൃത്യമായ പരിചരണം കൊണ്ട് അവയെ വംശനാശത്തില്‍ നിന്നും രക്ഷിക്കുവാന്‍ ശാസ്ത്രത്തിനു കഴിഞ്ഞു. പൊതുവെ പറഞ്ഞാല്‍ പതിനായിരത്തില്‍ താഴെ എണ്ണം എത്തിയാല്‍ ഏതു നിമിഷവും ആ ജീവി ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായേക്കാം എന്ന് തന്നെ കരുതണം. 
കാരണം മേല്‍ പറഞ്ഞ കാരണങ്ങള്‍ക്കെല്ലാം തന്നെ പതിനായിരത്തിലേറെ എണ്ണം ജീവികളെ ഒറ്റയടിക്ക് കൊന്നൊടുക്കുവാന്‍ കഴിവുണ്ട്. ഒരേ സ്ഥലത്ത് തന്നെ ഉള്ള മൃഗങ്ങള്‍ക്ക് വംശനാശ ഭീഷണി കൂടുതലാണ്. ഉദാഹരണമായി ആഫ്രിക്കയിലെ കാണ്ടാമൃഗത്തെ തന്നെ എടുക്കാം. 
വടക്കന്‍ വെള്ള കാണ്ടാമൃഗം ഭൂമിയില്‍ ആകെ മൂന്നെണ്ണമേ ഇപ്പോള്‍ ഉള്ളു. അതാകട്ടെ മൃഗശാലകളിലും ആണ്.


June 04
12:53 2017

Write a Comment