environmental News

കേരളീയതയുടെ സംരക്ഷണം ‘മാതൃഭൂമി’യുടെ പ്രവർത്തനം അഭിമാനകരം -മുഖ്യമന്ത്രി

പിണറായി: കേരളത്തിന്റെ ഭാഷയും സംസ്കാരവും പരിസ്ഥിതിയും സംരക്ഷിക്കാൻ മാതൃഭൂമി നടത്തുന്ന അർപ്പണബോധത്തോടെയുള്ള പ്രവർത്തനം അഭിമാനത്തോടെയേ ആർക്കും കാണാനാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകപരിസ്ഥിതിദിനത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനവും മാതൃഭൂമി സീഡിന്റെ ഒമ്പതാം വർഷത്തെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട മാതൃഭൂമി പരിസ്ഥിതിസംരക്ഷണത്തിനായി സാംസ്കാരികാവബോധം സൃഷ്ടിക്കുന്നത് ശ്ലാഘനീയമാണ്. പുതിയതലമുറയിൽ പരിസ്ഥിതിസംരക്ഷണബോധം വളർത്താൻ സീഡ് നടത്തുന്ന പ്രവർത്തനം വലിയൊരളവോളം വിജയിച്ചുവെന്നത് സന്തോഷകരമാണ്. പദ്ധതിക്ക്  സർക്കാരിന്റെ വനമിത്ര പുരസ്കാരവും അന്താരാഷ്ട്രതലത്തിലുള്ള വാൻ ഇഫ്ര പുരസ്കാരവും ലഭിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്. ആ സന്തോഷം ഞാൻ ഹൃദയപൂർവം പങ്കിടുന്നു. 
ആറായിരത്തിൽപ്പരം സ്കൂളുകളിലായി 20 ലക്ഷത്തിൽപ്പരം കുട്ടികളെ ഉൾപ്പെടുത്തി മുന്നോട്ടുപോകുന്ന സീഡ് നമ്മുടെ നാടിന്റെ പച്ചപ്പ് സംരക്ഷിക്കാൻ ഒരു പത്രസ്ഥാപനം നടത്തുന്ന വലിയ പ്രസ്ഥാനമാണ്. മനുഷ്യരുടെ പ്രവർത്തനങ്ങൾ കാരണം പ്രകൃതിക്കുണ്ടാകുന്ന ആഘാതങ്ങൾ മനുഷ്യന്റെ ഭാവിക്ക് ഭീഷണിയുയർത്തുന്നു. ഈ ഭീഷണിയെ അതിജീവിക്കാനും ജലത്തിന്റെയും പ്രകൃതിയുടെയും ശുദ്ധി കാത്തുസൂക്ഷിക്കാനും ഭാവനാപൂർണമായ ശ്രമമുണ്ടാകണം. ഹരിതകേരളം മിഷൻ നടത്തുന്ന പരിശ്രമങ്ങളും സീഡ് വിദ്യാർഥികൾ വഴി നടത്തുന്ന പരിശ്രമങ്ങളും ഈ സംരംഭം വൻവിജയമാക്കാൻ സഹായിക്കും. 
മാതൃഭൂമി സീഡിന്റെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം പരിസ്ഥിതിദിനാഘോഷത്തിന്റെ ഉദ്ഘാടനവുമായി സംയോജിപ്പിച്ചതും അതിന് പിണറായി എ.കെ.ജി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ തിരഞ്ഞെടുത്തതും അഭിമാനാർഹമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് വി.സി. സന്തോഷ്‌കുമാർ, ഉത്തരമേഖലാ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ശ്രാവൺകുമാർ വർമ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ തുടങ്ങിയവർ സംസാരിച്ചു.

ഹരിതകേരളം-സീഡ് സഹകരണം 
അംഗീകാരം -പി.വി. ചന്ദ്രൻ

പിണറായി: കേരള സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ച്  പ്രവർത്തിക്കാൻ മാതൃഭൂമി സീഡിന് അവസരംലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ പറഞ്ഞു. ലോക പരിസ്ഥിതിദിനത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനവും സീഡിന്റെ ഒൻപതാം വർഷത്തെ പ്രവർത്തനോദ്ഘാടനവും നടന്ന ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതിനകം 20 ലക്ഷത്തോളം വിദ്യാർഥികളിലേക്ക് പരിസ്ഥിതി സംരക്ഷണബോധമെത്തിക്കാൻ സീഡിന് കഴിഞ്ഞു. പരിസ്ഥിതി മലിനീകരണ ഭീഷണിയെക്കുറിച്ച് വ്യാപക പ്രചാരണം നടത്താനായി. അവധിദിവസങ്ങളിലും സ്കൂളിലെ ക്ലാസ് സമയം കഴിഞ്ഞും പരിസ്ഥിതി പ്രവർത്തനങ്ങളിൽ മുഴുകിയ ഈ വിദ്യാർഥികളിൽ കാതലായ മാറ്റങ്ങളുണ്ടായെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. സീഡ് പ്രവർത്തനത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണം നല്ലനിലയിൽ ലഭിക്കുന്നു. സീഡ് പദ്ധതിയിൽ പങ്കാളികളായ വിദ്യാലയങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് ഫെഡറൽ ബാങ്കാണ്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനവേദിയിൽ സീഡ് പ്രവർത്തനോദ്ഘാടനം നിർവഹിക്കാൻ മുഖ്യമന്ത്രി കാണിച്ച സന്മനസ്സിന് അദ്ദേഹം നന്ദിരേഖപ്പെടുത്തി. സീഡിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താൻ ഇത് ഊർജവും ആവേശവും പകരുമെന്നും പി.വി. ചന്ദ്രൻ പറഞ്ഞു.

June 06
12:53 2017

Write a Comment