SEED News

സീഡ് വളർത്തുന്നത് നാളത്തെ തലമുറയുടെ പൗരബോധം -മന്ത്രി എ.കെ. ബാലൻ

പാലക്കാട്: കുട്ടികൾ ആർജിക്കുന്ന പൗരബോധമാണ് നാളത്തെ തലമുറയെ സൃഷ്ടിക്കുന്നതെന്നും അതാണ് മാതൃഭൂമി സീഡിലൂടെ നടപ്പാവുന്നതെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ‘സമൂഹനന്മ വിദ്യാർഥികളിലൂടെ’ എന്ന സന്ദേശവുമായി മാതൃഭൂമി ഫെഡറൽബാങ്കുമായി സഹകരിച്ച് നടത്തുന്ന സീഡ് പദ്ധതിയുടെ ഒമ്പതാംവർഷ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബമ്മണൂർ ജി.എച്ച്.എസിൽ നടന്ന പരിപാടി വൃക്ഷത്തൈ നട്ടാണ് മന്ത്രി ഉദ്ഘാടനംചെയ്തത്.
ആഗോളതാപനം ഇത്രയും വലിയ ചർച്ചയാവുന്നതിന് മുൻപുതന്നെ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മാതൃഭൂമി സീഡ് പദ്ധതിയുമായി രംഗത്തിറങ്ങി. കുട്ടികളിലേക്കെത്തുന്ന സന്ദേശം അതുവഴി സമൂഹത്തിലെത്തുകയാണ്. മണ്ണും ജലവും മറ്റ് ജീവജാലങ്ങളുമില്ലാതെ മനുഷ്യജീവിതം സാധ്യമല്ല. എന്നാൽ, മനുഷ്യന്റെ ജീവിതരീതി പരിസ്ഥിതിയെ നശിപ്പിക്കുന്നതാണ്. മനുഷ്യനെ പ്രകൃതിയോട് കണ്ണിചേർക്കുക എന്ന ലക്ഷ്യത്തിൽ സർക്കാരും ഒപ്പം ചേരുകയാണ്. പരിസ്ഥിതിദിനത്തിൽ ഒരുകോടി മരത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് സർക്കാർ. വിദ്യാലങ്ങളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങളൊരുക്കും. പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിസൗഹൃദമാവും വിദ്യാലയങ്ങൾ. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷതവഹിച്ചു. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സിന്ധു ആർ.എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഗോപിനാഥ്, പഞ്ചായത്തംഗം കെ.ആർ. ജയചിത്ര, പ്രധാനാധ്യാപിക പി. രമേശ്വരി, സീഡ് കോ-ഓർഡിനേറ്റർ പി.ആർ. സാവിത്രി എന്നിവർ സംസാരിച്ചു. നാട്ടുമാഞ്ചോട്ടിൽ പദ്ധതിയിൽ മാവിൻതൈകളൊരുക്കുന്നതിന് വിവിധതരം മാമ്പഴങ്ങളെത്തിച്ച പരിസ്ഥിതിപ്രവർത്തകൻ ശ്യാംകുമാർ തേങ്കുറിശ്ശി, കണ്ണാടി എച്ച്.എസ്.എസിലെ കണ്ണദാസൻ, കണ്ണാടി എച്ച്.എസ്.എസ്. വിദ്യാർഥികൾ, പെരിമ്പിടാരി അമ്മുക്കാന്തൊടി ശോഭ എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.

June 10
12:53 2017

Write a Comment

Related News