environmental News

പശ്ചിമഘട്ടത്തില്‍ മണ്ണിനടിയില്‍ കഴിയുന്ന നാലിനം തവളകളെ കണ്ടെത്തി..

അഗസ്ത്യകൂടം വനമേഖലയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയ പുതിയയിനം തവളയ്ക്ക് മുന്‍ വനംവകുപ്പ് മേധാവി ടി.എം.മനോഹരന്റെ പേര്. പശ്ചിമഘട്ടത്തില്‍ നിന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി കണ്ടെത്തിയ തവളയിനങ്ങളിലൊന്നിന് 'മനോഹരന്‍സ് ബരോയിങ് തവള' എന്നാണ് പേര്. 

ഡല്‍ഹി സര്‍വകലാശാലയിലെ സൊനാലി ഗാര്‍ഗ് ആണ് അഞ്ചുവര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി മണ്ണിനടിയില്‍ ജീവിക്കുന്ന നാലിനം തവളകളെ തിരിച്ചറിഞ്ഞത്. 

'ഫെജര്‍വാരിയ' ( Fejervarya ) ജനസില്‍പെട്ടതാണ് നാലിനങ്ങളും. പ്രശസ്ത ഉഭയജീവി ഗവേഷകന്‍ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ മേല്‍നോട്ടത്തിലായിരുന്നു പഠനം. 

ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രധാന്യം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. മനുഷ്യവാസകേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഈ തവളകള്‍ കഴിയുന്നതെങ്കിലും, 'വേണ്ടവിധം പഠനവിധേയമാക്കപ്പെട്ടവയല്ല ഈ ജീവികളെ'ന്ന് സൊനാലി ഗാര്‍ഗ് പറയുന്നു.

'പശ്ചിമഘട്ടത്തിലെ തവളയിനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യാപകമായ പഠനം ആവശ്യമാണ്. കാരണം അവ ഇപ്പോള്‍ തന്നെ മനുഷ്യരുടെ ഇടപെടല്‍കൊണ്ട് കടുത്ത വംശനാശ ഭീഷണി നേരിടുകയാണ്'-അവര്‍ ചൂണ്ടിക്കാട്ടുന്നു.  സൊനാലിയുടെ പി.എച്ച്്.ഡി.പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഗവേഷണം. 

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പശ്ചിമഘട്ടത്തില്‍ നിന്ന് തിരിച്ചറിഞ്ഞ ഉഭയജീവികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 2006-2015 കാലത്ത് ലോകത്താകമാനം 1581 ഉഭയജീവിയിനങ്ങള്‍ പുതിയതായി രേഖപ്പെടുത്തുകയുണ്ടായി. അതില്‍ ഏറ്റവുമധികം ഇനങ്ങളെ കണ്ടെത്തിയ പ്രദേശങ്ങളില്‍ രണ്ടാംസ്ഥാനം പശ്ചിമഘട്ടം, ശ്രീലങ്കന്‍ ജൈവവൈവിധ്യ മേഖലയ്ക്കാണ്. 159 ഇനം ഉഭയജീവികളെ ഈ കാലത്ത് ഇവിടെ പുതിയതായി തിരിച്ചറിഞ്ഞു. അതില്‍ 103 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ നിന്ന് മാത്രമായി കണ്ടെത്തി. പശ്ചിമഘട്ടത്തിലെ 32 ശതമാനം ഉഭയജീവിയിനങ്ങളും മനുഷ്യന്റെ ഇടപെടല്‍ മൂലം കടുത്ത ഭീഷണിയിലാണെന്ന് ഗവേഷകര്‍ പറയുന്നു. 

പുതിയതായി തിരിച്ചറിഞ്ഞവയില്‍ 'മനോഹരന്‍സ് തവള' ( Manoharan's Burrowing Frog - Fejervarya manoharani ) അഗസ്ത്യകൂടത്തില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പറഞ്ഞല്ലോ. 'സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ആദ്യകാല ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ കേരള വനംവകുപ്പ് മേധാവിയായിരുന്ന ടി.എം.മനോഹരന്‍ നല്‍കിയ പിന്തുണയാണ് ഇത്തരമൊരു നാമകരണത്തിന് പ്രേരിപ്പിച്ചത്'-ഡോ.ബിജു അറിയിക്കുന്നു. 

വാഴച്ചാല്‍ വനമേഖലയില്‍ നിന്നാണ് 'കാടര്‍ തവള'യെ ( Kadar Burrowing Frog - Fejervarya kadar ) കണ്ടെത്തിയത്. ആ പ്രദേശത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ പേരാണ് തവളയ്ക്ക് നല്‍കിയതെന്ന് ഗവേഷകര്‍ പറയുന്നു. 

മഹാരാഷ്ട്രയിലെ അമ്പോലി പര്‍വ്വതപ്രദേശത്തുനിന്ന് കണ്ടെത്തിയ തവളയ്ക്ക്, അമേരിക്കയിലെ 'ക്രിട്ടിക്കല്‍ ഇക്കോസിസ്റ്റം പാര്‍ട്ട്ണര്‍ഷിപ്പ്' എന്ന സംഘടന നടത്തുന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളോടുള്ള ആദരസൂചകമായി 'സിഇപിഎഫ് തവള' ( CEPF Burrowing Frog - Fejervarya cepfi ) എന്നാണ് പേര് നല്‍കിയത്. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയനിലെ (ഐയുസിഎന്‍) ഡോ.നീല്‍ കോക്‌സിന്റെ പേരാണ് പറമ്പിക്കുളം കടുവാസങ്കേതത്തില്‍ നിന്ന് കണ്ടെത്തിയ ഇനത്തിന് നല്‍കിയത്-'നീല്‍ കോക്‌സസ് തവള' ( Neil Cox's Burrowing Frog - Fejervarya neilcoxi ). 

ഈ നാലിനങ്ങളില്‍ രണ്ടെണ്ണം, കാടര്‍ തവള, സിഇപിഎഫ് തവള എന്നിവ ഇപ്പോള്‍ തന്നെ മനുഷ്യരുടെ ഇടപെടല്‍ കൊണ്ട് വലിയ ഭീഷണിയിലാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 


ഫെജര്‍വാരിയ' ജനസില്‍പെട്ട ഒരിനം തവളയെ മാത്രമാണ് പശ്ചിമഘട്ടത്തില്‍ നിന്ന് ഇതുവരെ തിരിച്ചറിഞ്ഞിരുന്നത്. പശ്ചിമഘട്ടത്തിലുടനീളം അവയുടെ സാന്നിധ്യമായി ഗവേഷകര്‍ കരുതി. എന്നാല്‍, പുതിയ പഠനം ആ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുകയാണ്. പുതിയ കണ്ടെത്തലോടെ പശ്ചിമഘട്ടത്തില്‍ ഈ ജനസിലുള്ള തവളകളുടെ എണ്ണം അഞ്ചായി. 'ഈ ജീവികള്‍ അഞ്ചിനം ഉണ്ടെന്ന് വ്യക്തമായതോടെ, ഇവയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള തന്ത്രങ്ങളും പുനപ്പരിശോധിക്കേണ്ടിവരും'- ഡോ.ബിജു പറയുന്നു. 'അവയുടെ നിലനില്‍പ്പ് ഉറപ്പുവരുത്താന്‍ കൂടുതല്‍ പഠനങ്ങളും പരിശ്രമവും വേണ്ടിവരും'. എന്തുകൊണ്ട് ഈ തവളയിനങ്ങള്‍ മണ്ണിലെ മാളങ്ങളില്‍ കഴിയുന്നു എന്ന ചോദ്യത്തിന് ഡോ.ബിജുവിന്റെ മറുപടി ഇങ്ങനെ: 'പരിണാമം എന്നത് ജീവലോകത്ത് ഏതെങ്കിലും ഒരു ദിശയില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഈ തവളകള്‍ മണ്ണിനടിയില്‍ ജീവിക്കുന്നത് പരിണാമത്തിന്റെ ഫലമായി അത്തരം സാഹചര്യങ്ങളോടിങ്ങാന്‍ അവയ്ക്ക് സാധിക്കുന്നതു കൊണ്ടാണ്'. 

(കടപ്പാട്:-അന്താരാഷ്ട്ര ജേര്‍ണലായ 'സൂടാക്‌സ' ( Zootaxa ) യുടെ ജൂണ്‍ 20 ലക്കo.)











June 20
12:53 2017

Write a Comment