SEED News

മധുരിക്കുന്ന മാമ്പഴ ഓർമകൾക്കായി തൈ നട്ട് വിദ്യാർഥികൾ

മാതൃഭൂമി സീഡ് "നാട്ടുമാഞ്ചോട്ടിൽ " പദ്ധതി 


മധുരിക്കുന്ന മാമ്പഴ ഓർമകൾക്കായി തൈ നട്ട് വിദ്യാർഥികൾ

തൊടുപുഴ: "മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ 
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ..." കുട്ടികളുടെ പാട്ടിൽ ലയിച്ച്, പെയ്തിറങ്ങിയ ചാറ്റൽ മഴയെ സാക്ഷിയാക്കി പി.ജെ ജോസഫ് നാട്ടുമാവിൻ തൈനട്ടു.

നമ്മുടെ നാട്ടിൻ പുറങ്ങളിൽ സമൃദ്ധമായിരുന്ന നാട്ടുമാവുകൾ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റേയും മികച്ച മാതൃകയായിരുന്നുവെന്ന് പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു. പെരുംമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നാട്ടുമാവ് നഴ്സറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 റബ്ബർ കൃഷി വ്യാപകമായതോടെ ഗ്രാമങ്ങളിൽ നിന്ന് നാട്ടുമാവുകൾ അപ്രത്യക്ഷമായി തുടങ്ങിയത്. നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനുള്ള സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 

 സ്വാതന്ത്രത്തിന്റെ 70 വർഷത്തിന്റെ സ്മരണാർത്ഥം കുട്ടികളും, അധ്യാപകരും ചേർന്ന് 70 നാട്ടുമാവിൻ തൈകൾ നട്ടു. അടുത്ത സ്വാതന്ത്രദിനത്തിൽ 500 വീടുകളിൽ തൈകൾ നൽകുകയാണ് സ്ക്കൂളിന്റെ ലക്ഷ്യം. ഇതിനായി 1000 നാട്ടുമാവിൻ വിത്തുകൾ പോളി ബാഗിൽ വളർത്തും. 
 കുമാരമoഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസാർ പഴേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി അനിൽ കുമാർ, സ്കൂൾ മാനേജർ ഫാ.ജോസ് കളപ്പുരയ്ക്കൽ, ഹെഡ്മാസ്റ്റർ ആന്റണി കണ്ടിരിക്കൽ, സീഡ് അധ്യാപക കോ ഓർഡിനേറ്റർ പി.ജെ ബെന്നി, പി.ടി.എ പ്രസിഡന്റ് എൻ.എം ഷറഫുദ്ധീൻ, എം.പി.ടി.എ പ്രസിഡന്റ് ലിജി ജയ്സൺ എന്നിവർ സംസാരിച്ചു.

June 23
12:53 2017

Write a Comment

Related News