GK News

ഉച്ചാരണം ഫറാഗോ

spelt എന്നൊരു വാക്കുണ്ട്. ഗോതമ്പിന്റെ വര്‍ഗ്ഗത്തിലുള്ള ഒരു ധാന്യത്തിന്റെ പേരാണത്. ബ്രെഡ് വീറ്റ് എന്നറിയപ്പെടുന്ന സാധാരണ ഗോതമ്പിനും മുമ്പ് മനുഷ്യരും കന്നുകാലികളും ഇത് കഴിച്ചിരുന്നതായി തെളിവുണ്ട്. ഇപ്പോഴും ഇത് ഭക്ഷണമായി ഉപയോഗിക്കുന്നുമുണ്ട്. 8000 വര്‍ഷം പഴക്കമുള്ള ചില കണ്ടെത്തലുകളില്‍ ഈ ധാന്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇത്തരം ഗോതമ്പിന്റെ ലാറ്റിന്‍ പേരാണ് ഫാര്‍ ( far). കന്നുകാലികള്‍ക്ക് കൊടുക്കുവാനും മറ്റും ഈ ധാന്യത്തിനോടൊപ്പം മറ്റ് ധാന്യങ്ങളും കൂട്ടിച്ചേര്‍ക്കുമായിരുന്നു. ഇത്തരം മിശ്രിതങ്ങളെ ആണ് ആദ്യമായ് ഫറാഗോ എന്ന് പറഞ്ഞിരുന്നത്. 
1632 ല്‍ ആണ് ഇത് ഇംഗ്ലീഷിലേക്ക് എത്തിയത്. ആദ്യം ഈ വാക്കുപയോഗിച്ചത് മിശ്രിതം എന്നര്‍ത്ഥത്തില്‍ മാത്രമായിരുന്നു. പിന്നീട് പരസ്പര ബന്ധമില്ലാത്ത വസ്തുക്കള്‍ തമ്മിലുള്ള മിശ്രിതങ്ങള്‍ക്ക് ഈ പേരുപയോഗിച്ചു തുടങ്ങി. രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഈ വാക്ക് കടന്നു വന്നതോടെ അര്‍ത്ഥവും മാറി. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതിനെ കുറ്റപ്പെടുത്തുന്നതിനായി ഈ വാക്ക് ഉപയോഗിച്ചു. A farrago of lies എന്നു ഫ്രഡറിക് ഫോര്‍സൈത്ത് ( Frederick Forsyth ) എന്ന എഴുത്തുകാരന്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് ശശി തരൂര്‍ ടി.വി.വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ' farrago of distortions, misrepresentations...' എന്നു ഉപയോഗിച്ചത് വലിയ കോലാഹലമുണ്ടാക്കി. ഈ വാക്കിന്റെ അര്‍ഥം തിരക്കി എല്ലാവരും ഗൂഗിളിലും ഓണ്‍ലൈന്‍ ഡിക്ഷ്ണറികളിലും പരതി.
ശശി തരൂരിനെ വാനോളം പുകഴ്ത്തിയവരും ആര്‍ക്കും മനസിലാകാത്ത വാക്കുകള്‍ ഉപയോഗിച്ചു എന്നു പറഞ്ഞു കളിയാക്കിയവരും ധാരാളം. എന്നാല്‍ 2013ല്‍ ബ്രിട്ടീഷ് രാഷ്ട്രീയ മാധ്യമപ്രവര്‍ത്തകനായ മെഹ്ദി ഹസന്‍ ഇതേ രീതിയില്‍ തന്നെ ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. 'A mixture of just cherry-picked quotes, facts and figures, self-serving, selective... a farrago of distortions, misrepresentations, misinterpretations, misquotations...' എന്നായിരുന്നു മെഹ്ദി ഹസന്‍ ഓക്‌സ്‌ഫോഡ് യൂണിയനിലെ വാദപ്രതിവാദത്തില്‍ ഉപയോഗിച്ചത്.

June 23
12:53 2017

Write a Comment