GK News

എ മോണ്‍സ്റ്റര്‍ കോള്‍സ്

കൊണോര്‍ ഓ മാലി അന്നാദ്യമായ് ആ ഭീകരരൂപിയെ കാണുമ്പോള്‍ രാത്രി പന്ത്രണ്ടു കഴിഞ്ഞു കൃത്യം ഏഴു മിനിറ്റായിരുന്നു. അന്ന് മുതല്‍ എല്ലാ ദിവസവും അതേ സമയത്ത് തന്നെ ആ ഭീകരരൂപി ജനലിനു വെളിയില്‍ വന്നു അവനോട് സംസാരിച്ചു. എല്ലാം തന്നെ ആരോടും തുറന്നു പറയുവാന്‍ കൊണോര്‍ മടിക്കുന്ന കാര്യങ്ങള്‍. 
ദുഃഖിതനാണ് കൊണോര്‍. കാരണം അവന്റെ അമ്മയ്ക്ക് കാന്‍സര്‍ ആണ്. മരിക്കാന്‍ അധിക നാളില്ല. അമ്മൂമ്മയ്ക്കാകട്ടെ കൊണോറിനോട് അത്ര താല്പര്യവുമില്ല. അച്ഛന്‍ വീട്ടില്‍ വരാറുമില്ല. തന്റെ അമ്മയുടെ മരണത്തിനോട് എങ്ങനെ പൊരുത്തപ്പെടുമെന്നു അറിയാതെ കുഴങ്ങുന്ന കൊണോറിനു ധൈര്യം നല്‍കുവാന്‍ ആ ഭീകരരൂപിയ്ക്ക് കഴിഞ്ഞാലോ ?
ആ ഭീകരരൂപി കൊണോറിനോട് നാല് കഥകള്‍ പറയാമെന്നേറ്റു. ആദ്യ മൂന്നു ദിവസങ്ങളില്‍ ആ ഭീകരരൂപവുമായി ബന്ധപ്പെട്ട കഥകള്‍. നാലാം ദിനമാകട്ടെ കൊണോറിനെ പേടിപ്പിച്ച ഒരു പേക്കിനാവിന്റെ കഥ കൊണോര്‍ ഭീകരരൂപിയോട് പറയണം. 
കുട്ടികള്‍ക്ക് വേണ്ടി എഴുതപ്പെട്ട മോണ്‍സ്റ്റര്‍ കോള്‍സ് എന്ന പുസ്തകം ഇന്ന് ആബാലവൃദ്ധം ജനങ്ങളെയും രസിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിനു പിന്നില്‍ ദുഃഖത്തില്‍ മുങ്ങി നില്‍ക്കുന്ന മറ്റൊരു കഥയുണ്ട്. ഈ പുസ്തകം രചിച്ചത് പാട്രിക്ക് നെസ് ആണെങ്കിലും അതെഴുതേണ്ടിയിരുന്നത് സയോഭന്‍ ഡൌഡ് എന്ന ഐറിഷ് അമേരിക്കന്‍ എഴുത്തുകാരിയായിരുന്നു. എന്നാല്‍ തന്റെ നാല്പത്തിയേഴാം വയസില്‍ അവര്‍ കാന്‍സര്‍ മൂലം മരിച്ചു. പുതിയ പുസ്തകത്തിനായി സയോഭന്‍ കണ്ടുവെച്ചിരുന്ന കഥാപാത്രങ്ങളെ ഉപയോഗിച്ച്  പാട്രിക്ക് നെസ്  നോവല്‍ എഴുതുകയായിരുന്നുവെന്നു മാത്രം. 
2016 ല്‍ ഇതേ പേരില്‍ തന്നെ ഈ പുസ്തകം സിനിമയാക്കപ്പെട്ടിരുന്നു. 2017 ജനുവരിയിലായിരുന്നു ലോകമെമ്പാടും ചിത്രം റിലീസ് ചെയ്തത്. 
ബ്രിട്ടീഷ് അമേരിക്കന്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് പാട്രിക്ക് നെസ്. ധാരാളം നോവലുകളും ചെറുകഥകളും എഴുതിയിട്ടുള്ള പാട്രിക് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

June 26
12:53 2017

Write a Comment