environmental News

പന്നിമൂക്കന്‍ തവളയെ മുണ്ടക്കയത്തു കണ്ടെത്തി.

വംശനാശഭീഷണിയുള്ള പന്നിമൂക്കന്‍ തവളയെ (പര്‍പ്പിള്‍ ഫ്രോഗ്) മുണ്ടക്കയത്തു കണ്ടെത്തി. വേലനിലം അമ്മഞ്ചേരില്‍ ലാലിച്ചന്റെ വീട്ടുമുറ്റത്താണ് തവളയെ കണ്ടത്. തവളയെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജൈവവൈവിധ്യകലവറയായ സഹ്യപര്‍വതനിരകളിലെ തെക്കുഭാഗത്തുമാത്രം കാണപ്പെടുന്നതാണ് പന്നിമൂക്കന്‍ തവള. പാതാളത്തവള (പാതാള്‍) എന്നും അറിയപ്പെടുന്നു. സൂഗ്ലോസ്സിഡെ കുടുംബത്തില്‍പ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസില്‍ ആയി കണക്കാക്കപ്പെടുന്നു.

പ്രായപൂര്‍ത്തിയായാല്‍ ഇവയ്ക്ക് കടുംപാടലവര്‍ണമായിരിക്കും. ഏകദേശം ഏഴുസെന്റിമീറ്റര്‍വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിന്റെ മുഖ്യഭാഗവും െചലവഴിക്കുന്നത്.  12 അടിയോളം താഴ്ചയില്‍ മാളങ്ങളുണ്ടാക്കിയാണു ജീവിക്കുന്നത്. ചിതലുകളാണ് മുഖ്യാഹാരം. മണ്‍സൂണ്‍കാലത്ത് പ്രത്യുത്പാദനസമയത്തുമാത്രം രണ്ടാഴ്ചയോളമാണ് ഇവ പുറത്തേക്കു വരുന്നത്.

നാസികാ ബത്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പാതാളിനെ മുമ്പ് ഇടുക്കി ജില്ലയിലും കോതമംഗലം, എരുമേലി, സൈലന്റ് വാലി, പട്ടിക്കാട്, തൃശ്ശൂര്‍, തമിഴ്നാട്ടില്‍ ശങ്കരന്‍കുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തിയിരുന്നു. 

സംസ്‌കൃതവാക്കായ നാസിക, ഗ്രീക്കുപദമായ തവള എന്നര്‍ഥമുള്ള ബത്രക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളില്‍നിന്നാണ് നാസികാ ബത്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമം ഉണ്ടായത്.

July 01
12:53 2017

Write a Comment