GK News

വീഴ്ചയുടെ വില

മരിക്കുവാന്‍ ഒരു കാരണം വേണം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ രോഗം മൂലമല്ലാതെ  മരിക്കുന്നതിനുള്ള രണ്ടാമത്തെ കാരണം വീഴുക എന്നുള്ളതാണ്. (ആദ്യ കാരണം വാഹനാപകടമാണ്). 4,20,000 പേരാണ് ഒരു വര്‍ഷം വീണു മരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് വീഴ്ചകൊണ്ടു മാത്രം  ആശുപത്രികളില്‍ എത്തിച്ചേരുന്നത്. ഇവരില്‍ പലരും മാസങ്ങളോളം, ചിലപ്പോള്‍ ജീവിതകാലം മുഴുവനും കിടക്കയില്‍ അകപ്പെട്ടു പോവുകയും ചെയ്യുന്നു. 
അറുപത് കഴിഞ്ഞവരില്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നതിന്റെ ഒരു കാരണം വീഴ്ചയാണ്. 65 വയസ്സിനു മേലുള്ളവരില്‍ മുപ്പത് ശതമാനം പേരും വീഴാറുണ്ട്. വയസ്സ് എണ്‍പത് കടന്നാല്‍ അന്‍പത് ശതമാനമായി അത് കൂടുകയും ചെയ്യും. വീഴ്ചകളില്‍ മൂന്നിലൊന്നും മുറിവോ ചതവോ ഒടിവോ ഉണ്ടാക്കുന്നു. അഞ്ചു ശതമാനം വീഴ്ചയും അതീവ  ഗുരുതരമായ മുറിവുകള്‍ സൃഷ്ടിക്കുന്നു.
എന്താണ് വീഴ്ചയുടെ പൊതുവെയുള്ള കാരണം? പ്രായമായവരില്‍ ഫ്രഞ്ച് ഗവേഷകര്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നും മനസ്സിലാക്കിയ ഒരു കാര്യം പോഷകാഹാരമില്ലായ്മയാണ്. മറ്റൊരു ഗവേഷണത്തില്‍ കണ്ടെത്തിയത് കാല്‍ തെന്നുന്നത്  കാരണം മൂന്നു ശതമാനവും തട്ടിത്തടയുന്നതു കാരണം  ഇരുപത്തിയൊന്ന് ശതമാനവും വീഴ്ചയുണ്ടാകുന്നു എന്നാണ്. ഒരു വശത്തു നിന്ന് മറ്റൊരു വശത്തേക്ക് ഭാരം കൂടുതല്‍ വരുന്ന വിധത്തില്‍ നാമറിയാതെ 'ചായുന്നത്' (swaying) ആണ് ഏറ്റവും പ്രധാന കാരണമെന്നാണ്. നില്‍ക്കുന്നവര്‍ നടക്കുമ്പോഴും കിടക്കുന്നവര്‍ എഴുന്നേറ്റു നില്‍ക്കുമ്പോഴും ഇതിനുള്ള സാധ്യത കൂടുതലാണ്.
വീഴ്ചയ്ക്ക് പ്രത്യേകിച്ച് പ്രായമൊന്നുമില്ല. വീഴാതിരിക്കുക. അതാണ് ഏത് പ്രായക്കാര്‍ക്കും വളരെ നല്ലത്. എങ്ങനെ വീഴണം എന്നുള്ള ഗവേഷണവും നടന്നിട്ടുണ്ട്. വീഴ്ചയ്ക്ക്  മൂന്നു ഭാഗങ്ങള്‍ ഉണ്ടത്രേ. പ്രാരംഭകത്വം (initiation), അവരോഹണം (descent),  ആഘാതം (impact) എന്നിവയാണത്. ഇവയെ നിയന്ത്രിക്കുന്നതിനുള്ള പല ഉപകരണങ്ങള്‍ വരെ ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്.

July 12
12:53 2017

Write a Comment