SEED News

ഒന്നിക്കാം ഉത്തരപ്പള്ളിയാറിനെ ഉണര്ത്താന്, ആഹ്വാനവുമായി മാതൃഭൂമി സീഡ് കുട്ടികള്

ചലച്ചിത്രതാരം ദേവന് കുട്ടികളോട്  പ്രസംഗിക്കുന്നു


ചെങ്ങന്നൂര്: ഉത്തരപ്പള്ളിയാറിനെ ഉണര്ത്താന് ജനകീയകൂട്ടായ്മകള് ആവശ്യമാണെന്ന് ഓര്മിപ്പിച്ച് മാതൃഭൂമി സീഡ് വിദ്യാർഥികള്. വരട്ടാര് വീണ്ടെടുപ്പിന്റെ ജനകീയ മാതൃക കഴിഞ്ഞദിവസം കുട്ടികള് നേരില് കണ്ടിരുന്നു. അവിടെനടന്ന ശ്രമദാനത്തിലും പങ്കാളികളായി. ഇതേത്തുടര്ന്നാണ് സര്വേനടപടികള് ആരംഭിച്ച് പിന്നീട് നിര്ത്തിവെച്ച ഉത്തരപ്പള്ളിയാറിലേക്ക് കുട്ടികളുടെ ശ്രദ്ധ പതിയുന്നത്.
  നെടുവരംകോട് ക്ഷേത്രക്കടവ് മുതല് ആലാക്കാവ് ദേവീക്ഷേത്രക്കടവ് വരെ കുട്ടികള് റാലി നടത്തി. വഞ്ചിപ്പാട്ടിന്റെയും, നാടന്പാട്ടിന്റെയും അകമ്പടിയോടെ നടത്തിയ റാലി സിനിമാതാരം ദേവന് ഉദ്ഘാടനം ചെയ്തു.   നദിയെ വീണ്ടെടുക്കല് സംസ്കാരത്തിന്റെ വീണ്ടെടുപ്പാണ്. ഉത്തരപ്പള്ളിയാറിനെ പൂര്വസ്ഥിതിയിലാക്കാന് നാടുണരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. തുടര്ന്നുനടന്ന യോഗം ആലാ ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷ വി.കെ.ശോഭ ഉദ്ഘാടനം ചെയ്തു. 
ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്. പി.ടി.എ. വൈസ് പ്രസിഡന്റ് നാരായണന്നായര് അധ്യക്ഷനായി. 
സുനില്മണ്ണാരേത്ത്, പരിസ്ഥിതി പ്രവര്ത്തകരായ വി.ഡി.വാസുദേവന്, വി.എസ്.ഗോപാലകൃഷ്ണന്, അച്യുതക്കുറുപ്പ്, കെ.കെ.തങ്കപ്പന്, സജികുമാര് തുടങ്ങിയവര് പ്രസംഗിച്ചു.
 ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്., പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സീഡ് കോ ഓര്ഡിനേറ്റര്മാരായ ആര്.രാജേഷ്, ആര്.രാജലക്ഷ്മി എന്നിവര് നേതൃത്വം നല്കി. അടുത്തപടിയായി തെരുവുനാടകങ്ങളും, ബോധവത്കരണ പ്രവര്ത്തനങ്ങളും കുട്ടികള് നടത്തും. ഡോക്യുമെന്ററി നിര്മ്മാണവും പുരോഗമിക്കുന്നു.

July 15
12:53 2017

Write a Comment

Related News