GK News

ആത്മാവിന്റെ ഭാരം

ആത്മാവ് ഉണ്ടോ എന്ന അന്വേഷണം നടക്കുന്ന കാലഘട്ടം. ഉണ്ടെന്നും ഇല്ലെന്നും പറയുവാന്‍ കഴിയാത്ത അവസ്ഥ. കാരണം മതപരമായ വിശ്വാസങ്ങള്‍ അനുസരിച്ച് ആത്മാവിനു മണമില്ല, നിറമില്ല, തൊട്ടു നോക്കുവാന്‍ കഴിയുകയുമില്ല. 
1901 ല്‍ ഡങ്കണ്‍ ഓം മക്ക്ഡ്യൂഗല്‍  (Duncan 'Om' MacDougall) എന്ന ഡോക്ടര്‍ക്ക് ഒരു ബുദ്ധി തോന്നി. മരണം അടുത്ത് കിടക്കുന്ന ഒരാളുടെ ഭാരം ആദ്യം നിര്‍ണയിക്കുക. മരണം ഉണ്ടായതിനു ശേഷം അയാളുടെ ഭാരം വീണ്ടും നോക്കുക. ആത്മാവ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഭാര വ്യത്യാസത്തില്‍ നിന്നും അറിയാമല്ലോ. അന്ന് മുതല്‍ ഡങ്കണ്‍ ആറു പേരില്‍ ഈ പരീക്ഷണം നടത്തി. ഒരു വൃദ്ധസദനത്തിലെ ക്ഷയരോഗിയില്‍ ആയിരുന്നു ആദ്യ പരീക്ഷണം. ഒരു വലിയ ത്രാസില്‍ ആയിരുന്നു രോഗിയെ കിടത്തിയിരുന്ന കട്ടില്‍ ഉണ്ടായിരുന്നത്. ആദ്യ മണിക്കൂറുകളില്‍ കുറച്ച് ഭാരം കുറയുന്നുണ്ടായിരുന്നു. എന്നാല്‍ വിയര്‍പ്പിന്റെ ബാഷ്പീകരണം മൂലമാണ് എന്ന് ഡങ്കണ്‍ പറയുന്നു. കുറയുന്നതിന്റെ അളവ് ഒരു മണിക്കൂറില്‍ ഒരു ഔണ്‍സ് എന്ന നിലയില്‍ ആയിരുന്നു. കൃത്യം മൂന്നു മണിക്കൂറും നാല്‍പ്പത് മിനിറ്റും കഴിഞ്ഞപ്പോള്‍ രോഗി മരിച്ചു. 
ബീം സ്‌കെയില്‍ എന്ന തരം ത്രാസ് ആയിരുന്നു ഡങ്കണ്‍ ഉപയോഗിച്ചിരുന്നത്. മരണം സംഭവിച്ച നിമിഷം തന്നെ ത്രാസില്‍ മാറ്റമുണ്ടായി. ഇത് കൃത്യമായി അളക്കുവാനും ഡങ്കണ്  കഴിഞ്ഞു. കൃത്യം ഭാര വ്യത്യാസം ഒരു ഔണ്‍സിന്റെ നാലില്‍ മൂന്നു ഭാഗം അതായത് ഇരുപത്തിയൊന്ന് ഗ. 
ഡങ്കണ്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ആറു പേരില്‍ നാല് പേര്‍ ക്ഷയരോഗികളും ഒരാള്‍ പ്രമേഹ രോഗിയും ആയിരുന്നു. ആറാമത്തെ വ്യക്തിയുടെ അസുഖം എന്തെന്ന് നിര്‍ണയിക്കപ്പെട്ടിരുന്നില്ല. ഒരാള്‍ സ്ത്രീയും ബാക്കിയുള്ളവര്‍ പുരുഷന്മാരും ആയിരുന്നു. 
പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആത്മാവിന്റെ ഭാരം ഇരുപത്തിയൊന്ന് ഗ്രാം എന്ന് നിജപ്പെടുത്തി. കിറുകൃത്യമായി പറഞ്ഞാല്‍ 21.3 ഗ്രാം. ഡങ്കണ്‍ തന്റെ പരീക്ഷണങ്ങള്‍ നായ്ക്കളില്‍ നടത്തിയപ്പോള്‍ ഭാരവ്യത്യാസമുണ്ടായില്ല. നായ്ക്കള്‍ക്ക് ആത്മാവില്ലാത്തത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് എന്നായിരുന്നു ഡങ്കന്റെ വാദം .
1907 ല്‍ ഡങ്കണ്‍ തന്റെ ഗവേഷണങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഉടനെ തന്നെ മറുവാദങ്ങളും പുറത്ത് വന്നു. ഡോ. അഗസ്റ്റസ് ക്ലാര്‍ക്ക് ആയിരുന്നു അവരില്‍ പ്രമുഖന്‍. മരിച്ച ആറുപേരിലും കണ്ടെത്തിയ ഭാര വ്യത്യാസം പലതായിരുന്നുവെന്നും ഡങ്കണ്‍ അതിന്റെ ശരാശരി മാത്രമാണ് എടുത്തതെന്നും ക്ലാര്‍ക്ക് വാദിച്ചു. ഡങ്കണ്‍ അത് സമ്മതിക്കുകയും ചെയ്തു. ആദ്യ പരീക്ഷണം മാത്രമേ കൃത്യമായി നടന്നുള്ളു. മാത്രമല്ല നായ്ക്കളെ മുഴുവന്‍ ഡങ്കണ്‍ കൊല്ലുകയായിരുന്നു. അതുകൊണ്ട് തന്നെ അവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുല്യമായിരിക്കും എന്നും നായ്ക്കള്‍ക്ക് വിയര്‍പ്പില്ലാത്തത് കാരണം ജല നഷ്ടം കണക്കാക്കാന്‍ കഴിയുകയില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു. മാത്രമല്ല ഭാരം കുറയുന്നത് എന്തിന്റെ എന്ന് തിരിച്ചറിയാത്തിടത്തോളം കാലം അത് ആത്മാവിന്റെ തന്നെ എന്ന് പറയുവാനും വയ്യ. ഡങ്കണ്‍ ഇതൊന്നും നിഷേധിച്ചില്ലെന്നു മാത്രമല്ല ഇനിയും കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വേണമെന്ന് പറഞ്ഞു കൊണ്ട് തന്റെ ഗവേഷണങ്ങളും അവസാനിപ്പിച്ചു. അതിനു ശേഷം ഇതുമായി ബന്ധപ്പെട്ട് വലിയ പരീക്ഷണങ്ങള്‍ നടക്കാത്തത് മൂലം ഇന്നും ആത്മാവിന്റെ ഭാരം 21.3 ഗ്രാം എന്നാണ് പറയാറുള്ളത്.

July 18
12:53 2017

Write a Comment