SEED News

മെരുവമ്പായിയിൽ കാടൊരുക്കി കാവുകാക്കാൻ കുട്ടിക്കൂട്ടം



കൂത്തുപറമ്പ്: കാവുസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മെരുവമ്പായി കൂര്‍മ്പഭഗവതി കാവില്‍ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്‌ളബ്ബംഗങ്ങള്‍ ഔഷധത്തോട്ടമൊരുക്കി.
ഹരിതകേരള സന്ദേശം സമൂഹത്തിലെത്തിക്കുക,   ജൈവവൈവിധ്യ സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് കാവുകളില്‍ ലഭ്യമായ സ്ഥലങ്ങളിലെല്ലാം മരങ്ങളായിവളരുന്ന ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചത്.
രുദ്രാക്ഷം, പാല്‍ക്കായം, പൊന്‍ചെമ്പകം, അശോകം, കൂവളം, നാഗദന്തി, താന്നി, കുടംപുളി, പതുമുഖം, കരിങ്ങാലി, മണിമരുത്, നീര്‍മരുത്, ഉങ്ങ്, നെല്ലി, ആര്യവേപ്പ്, കറിവേപ്പ്, ചന്ദനം, സര്‍വസുഗന്ധി, ജാതിക്ക, റമ്പൂട്ടാന്‍, നോനിപ്പഴം, വരിക്കപ്ലാവ്, നാട്ടുമാവുകള്‍ മുതലായ ഔഷധസസ്യങ്ങളും ഫലവര്‍ഗങ്ങളും ഉള്‍പ്പെടുന്ന നൂറില്‍പ്പരം ചെടികളാണ് നട്ടത്.
നടാനുള്ള സ്ഥലമൊരുക്കിനല്‍കിയും കുട്ടികള്‍ക്ക് മൂന്നുനേരവും ഭക്ഷണം നല്‍കിയും ക്ഷേത്രക്കമ്മിറ്റിയംഗങ്ങള്‍ ഔഷധത്തോട്ട നിര്‍മാണവുമായി സഹകരിച്ചു.
 പുതുതായി പണിത ക്ഷേത്രക്കുളത്തിന്റെ കരയില്‍ രുദ്രാക്ഷവും അശോകവും നട്ട്   കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്‍ പദ്ധതി ഉദ്ഘാടനംചെയ്തു. 
മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത അധ്യക്ഷതവഹിച്ചു. 
ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ പി.ദിനേശന്‍, എം.രമേശന്‍, കെ.ദിനേശന്‍, എ.എന്‍.ഷാജി, എം.രൂപേഷ്, എ.കെ.വത്സന്‍, കെ.സന്തോഷ്, മനോഹരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് ക്‌ളബ്ബ് കണ്‍വീനര്‍ കന്നുമ്പ്രോന്‍ രാജന്‍, മധു നിര്‍മലഗിരി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.




July 19
12:53 2017

Write a Comment

Related News