SEED News

അസീസി ഉദ്യാനത്തിൽ നാട്ടുമാവിൻ തണലൊരുക്കാൻ മാതൃഭൂമി സീഡ്


 പദ്ധതി തുടങ്ങിയത് പ്രകൃതിസംരക്ഷണ ദിനത്തിൽ
തൈക്കാട്ടുശ്ശേരി സെന്റ് ജോൺ ബാപ്ടിസ്റ്റ് ദേവാലയത്തിലെ അസീസി ഉദ്യാനത്തിൽ 
‘നാട്ടുമാഞ്ചോട്ടിൽ’ പദ്ധതി ഉദ്ഘാടനം തമ്പേർ ഇനത്തിൽപ്പെട്ട മാവിൻതൈ നട്ട് പരിസ്ഥിതി 
പ്രവർത്തകൻ കെ.വി. ദയാൽ നിർവഹിക്കുന്നു 
പൂച്ചാക്കൽ: പ്രകൃതി രമണീയമായ തൈക്കാട്ടുശ്ശേരിയിലെ അസീസി ഉദ്യാനത്തിൽ വരുംകാലങ്ങളിൽ നാട്ടുമാവുകൾ തണലേകും. 60തരം നാട്ടു മാവിൻതൈകൾ തൈക്കാട്ടുശ്ശേരി  സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിലെ അസീസി ഉദ്യാനത്തിൽ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി.
  മാതൃഭൂമി സീഡും സംസ്ഥാന ഹരിതകേരളം പദ്ധതിയും സംയുക്തമായി നടപ്പാക്കുന്ന ‘നാട്ടുമാഞ്ചോട്ടിൽ’ പദ്ധതിയാണിത്. കെ.സി.വൈ.എം. ആലപ്പുഴ രൂപതാ കമ്മിറ്റിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. നാട്ടിൽ പണ്ട് സുലഭമായി ഉണ്ടായിരുന്നതും ഇപ്പോൾ വംശനാശഭീഷണി നേരിടുന്നതുമായ മാവിനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ചയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
    ചന്ദ്രക്കാരൻ, മൈലാപ്പ്, തമ്പേർ, കിളിച്ചുണ്ടൻ, കോട്ടൂക്കോണം, പച്ചതീനി, തത്തച്ചുണ്ടൻ, പഞ്ചാര മാങ്ങ തുടങ്ങിയ ഇനങ്ങളുടെ തൈകളാണ് നട്ടത്. പരിസ്ഥിതി പ്രവർത്തകനും സംസ്ഥാന വനമിത്ര അവാർഡ് ജേതാവുമായ കെ.വി.ദയാൽ ഉദ്ഘാടനം ചെയ്തു. തമ്പേർ ഇനം മാവിൻതൈ നട്ടുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 
   കുന്നുകളും കുളങ്ങളും കാവുകളുമൊക്കെയുള്ള ഒരു ജൈവ വൈവിധ്യ ഉദ്യാനമായി ഇതിനെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു പ്രകൃതിപഠന കേന്ദ്രമായി തീരണമെന്നും അദ്ദേഹം നിർദേശിച്ചു. മണ്ണിൽ കളിക്കണമെന്നും മണ്ണില്ലാതെ പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. 
    ചടങ്ങിൽ കൃപാസനം ഡയറക്ടർ ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ ആമുഖപ്രസംഗം നടത്തി. മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ, കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് ലിജിൻ രാജു, സീഡ് എക്സിക്യുട്ടീവ് അമൃതാ സെബാസ്റ്റ്യൻ, അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
   മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്.പ്രകാശ് സ്വാഗതവും കെ.സി.വൈ.എം. ജനറൽ സെക്രട്ടറി നിധിൻ ജോസഫ് നന്ദിയും പറഞ്ഞു. നാട്ടുമാവിൻ തൈകളുടെ വൻശേഖരം പരമ്പരാഗത രീതിയിൽ തയ്യാറാക്കി നൽകിയ പള്ളിപ്പുറം പട്ടാര്യ സമാജം ഹൈസ്കൂൾ പ്രധാനാധ്യാപിക എല്. രമയെ ചടങ്ങിൽ ആദരിച്ചു. തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി.സ്കൂൾ വിദ്യാർഥികൾക്ക് ചടങ്ങിൽ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു.

August 01
12:53 2017

Write a Comment

Related News