SEED News

സീഡ് വിദ്യാർഥികൾ ഇറങ്ങി; നാട്ടുമാങ്ങക്കാലം തിരിച്ചുപിടിക്കാൻ

പാലക്കാട്: നാട്ടുമാങ്ങകൾ ശേഖരിച്ച് മുളപ്പിച്ച മാവിൻതൈകളുമായി സീഡ് വിദ്യാർഥികളിറങ്ങി, നഷ്ടപ്പെട്ട നാട്ടുമാങ്ങക്കാലം തിരിച്ചുപിടിക്കാൻ. ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായാണ് നാട്ടുമാവിൻതൈകൾ വിതരണംചെയ്തത്. 
സീഡിന്റെ ആഭിമുഖ്യത്തിൽ വായനക്കാരിൽനിന്നും പരിസ്ഥിതിപ്രവർത്തകരിൽനിന്നും വിദ്യാർഥികളിൽനിന്നുമാണ് മൂവായിരത്തോളം നാട്ടുമാങ്ങകൾ ശേഖരിച്ചത്. 33 ഇനം നാട്ടുമാങ്ങകളാണ് ശേഖരിച്ചത്. മാതൃഭൂമി ഓഫീസ് പരിസരത്ത് ഇതിൽ രണ്ടായിരത്തിയഞ്ഞൂറോളമാണ് മുളപ്പിച്ചത്. ആദ്യഘട്ടത്തിൽ നടാൻ പാകമായ 620 മാവിൻതൈകളാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. 
പി.എം.ജി. എച്ച്.എസ്.എസ്., കണ്ണാടി ഹൈസ്കൂൾ, കേന്ദ്രീയ വിദ്യാലയ നമ്പർ 1, മലമ്പുഴ ജവഹർ നവോദയ എന്നീ സ്കൂളുകളിലെ സീഡ് ക്ലബ്ബുകൾക്കാണ് തൈകൾ വിതരണംചെയ്തത്. നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പല സ്കൂളുകളിലെയും സീഡ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നാട്ടുമാവിൻതൈകൾ തയ്യാറാക്കുന്നുണ്ട്. ജില്ലയിലുടനീളം വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലും നാട്ടുമാവുകൾ നടും.
പരിസ്ഥിതിപ്രവർത്തകരായ കല്ലൂർ ബാലൻ, ശ്യാംകുമാർ തേങ്കുറിശ്ശി, പുനർജനി പ്രസിഡന്റ് ദീപം സുരേഷ് എന്നിവർ മാവിൻതൈ വിതരണച്ചടങ്ങിൽ മുഖ്യാതിഥികളായി. മാതൃഭൂമി  യൂണിറ്റ് മാനേജർ എസ്. അമൽരാജ് നന്ദി പറഞ്ഞു.

August 17
12:53 2017

Write a Comment

Related News