GK News

ലോകത്തിന്‍റെ നെറുകയില്‍ ചാരക്കരടികളുടെ മത്സ്യക്കൊയ്ത്ത്.

ലോകത്തിന്റെ നെറുകയില്‍ ചാരക്കരടിയ്ക്ക് (Brown Bear) ഇപ്പോള്‍ മീന്‍കൊയ്ത്തു കാലമാണ്. ലോകത്തിന്റെ നെറുക എവിടെയാണണെന്ന് അറിയേണ്ടേ? അതാണ് കംചത്ക (Kamchatka) റഷ്യയുടെ വിദൂര പൂര്‍വ ദേശം. അവശ്വസനീയമായ രീതിയില്‍ ഒറ്റപ്പെട്ടുകഴിയുന്ന പ്രദേശം. ഭൂപടം നോക്കിയാല്‍ കംചത്കയുടെ അല്‍പം അകലെ ഉയരത്തില്‍ അലാസ്‌ക. വലത് ഭാഗത്തായി ജപ്പാന്‍. ചുറ്റും സമുദ്രങ്ങള്‍. അഗ്‌നിപര്‍വതങ്ങളുടെ നാടാണ് കംചത്ക. ഇപ്പോഴും ഗന്ധകത്തിന്റെ പുക വമിക്കുന്ന അഗ്‌നിപര്‍വതങ്ങള്‍ അവിടെയുണ്ട്. അപകടകരമായ അവസ്ഥ ഉണ്ടെങ്കിലും ചാരക്കരടികളുടെ മീന്‍ കൊയ്ത്ത് കാണാന്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രകൃതി സ്നേഹികളും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ കംചത്കയില്‍ എത്തുന്നു. പ്രവേശനത്തിന് അതീവ നിയന്ത്രണങ്ങള്‍ ഉണ്ട്. റഷ്യന്‍ സര്‍ക്കാര്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുക. കാരണം രാജ്യരക്ഷാകാര്യത്തില്‍ തന്ത്രപ്രധാനമായ പ്രദേശങ്ങളാണ് കംചത്ക. റഷ്യയുടെ ആണവ മുങ്ങിക്കപ്പലുകളുടെ പ്രധാനപ്പെട്ട സ്റ്റേഷനാണ് അത്. റഷ്യന്‍ നേവിയുടെ നിയന്ത്രണവും നിരീക്ഷണവും കംചത്കയില്‍ എത്തുന്നവരെ നിഴല്‍ പോലെ പിന്തുടരും. ചാരക്കരടികളുടെ പ്രധാന സങ്കേതമാണ് കംചത്കയില്‍ ഉള്ളത്. ക്രോണോസ്‌കി ബയോസ്ഫിയര്‍ റിസര്‍വ്വ് എന്നാണ് ഇതിന്റെ പേര്. ചാരക്കരടികള്‍ക്ക് പുറമേ പക്ഷികളും ചെറിയ സസ്തന ജീവികളും മാത്രമേ ഇവിടെയുള്ളൂ. പൈന്‍ മരങ്ങള്‍ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന വനങ്ങള്‍ സുലഭം. നിത്യഹരിത വനങ്ങള്‍ എന്ന് പറയാം. മേഘങ്ങള്‍ താഴ്ന്ന് പറക്കുന്ന പ്രദേശം.

 
എന്താണ് കംചത്കയുടെ പ്രത്യേകത? കംചത്കയിലെ കുറില്‍ തടാകത്തില്‍ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ തിങ്ങി നിറയും. പക്ഷേ വനംവകുപ്പ് ഗാര്‍ഡുമാരുടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണം. ചാരക്കരടികള്‍ തടാകത്തില്‍ സാല്‍മണ്‍ മത്സ്യത്തെ പിടികൂടാന്‍ കാത്തിരിക്കും. 8000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു അഗ്‌നിപര്‍വത സ്ഫോടനത്തിന്റെ ബാക്കിപത്രമാണ് തടാകം. 77 ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ വ്യാപ്തി. പസഫിക് സമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒക്തസ്‌ക് കടലിന്റെ പുത്രിയായ ഒസര്‍നായ നദി ഈ തടാകത്തില്‍ പതിക്കുന്നു. ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ദശലക്ഷക്കണക്കിന് സാല്‍മണ്‍ മത്സ്യങ്ങള്‍  പസഫിക്കില്‍ വന്ന് മുട്ടയിടാന്‍ തടാകത്തിലേക്കും നദികളിലേക്കും എത്തുന്നു. അതില്‍ പകുതിയോളം മത്സ്യങ്ങളെ ആയിരത്തോളം വരുന്ന ചാരക്കരടികള്‍ പിടികൂടി ഭക്ഷിക്കും. മുട്ടയിടാന്‍ സമയമായാല്‍ സാല്‍മണിന്റെ നിറം ചുവപ്പാകും. കരടികള്‍ കൂട്ടമായി മേഞ്ഞുനടക്കുമെങ്കിലും ലക്ഷക്കണക്കിന് മത്സ്യങ്ങള്‍ അവയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് മുട്ടയിട്ട് ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. കുഞ്ഞുങ്ങള്‍ മൂന്ന് മാസത്തിന് ശേഷം പസഫിക്കിലേക്ക് കുടിയേറുന്നു.
 
ചാരക്കരടികളുടെ മത്സ്യവേട്ട അകര്‍ഷകമായ കാഴ്ചയാണെന്ന് നോര്‍വയിലെ ഡോക്ടറായ ജോണ്‍ ലാങ്ങ്ലാന്റ് പറയുന്നു.





































August 19
12:53 2017

Write a Comment