GK News

സുമാത്രയിലെ കുള്ളന്‍ കാണ്ടാമൃഗങ്ങള്‍..

ഭൂമിയിലെ കൂറ്റന്‍ ജീവികളില്‍ ഒന്നാണു കാണ്ടാമൃഗങ്ങള്‍. എന്നാല്‍ എല്ലാ കാണ്ടാമൃഗങ്ങളും അങ്ങനെയല്ല. വലിപ്പം കുറഞ്ഞ ചില കുഞ്ഞന്‍മാര്‍ കാണ്ടാമൃഗങ്ങള്‍ക്കിടയിലുമുണ്ട്. സുമാത്രയില്‍ കാണപ്പെടുന്ന ഈ കാണ്ടാമൃഗവിഭാഗത്തിന് സാധാരണ കാണ്ടാമൃഗങ്ങളെ അപേക്ഷിച്ച് വലിപ്പം തീരെ കുറവാണ്.

വലിപ്പം കുറവാണെങ്കിലും ഒട്ടേറെ വ്യത്യസ്തകള്‍ ഇവയ്ക്കുണ്ട്.ആഫ്രിക്കയ്ക്കു പുറത്തു രണ്ടു കൊമ്പുള്ള കാണ്ടാമൃഗങ്ങള്‍ ഇവമാത്രമാണ്. കൊമ്പിനെ പൊതിഞ്ഞു നില്‍ക്കുന്ന തവിട്ടു രോമങ്ങളാണ് ഇവയു‌‌ടെ മറ്റൊരു പ്രത്യേകത. ഈ രോമങ്ങളാണ് ഇവയ്ക്ക് രോമമുള്ള കാണ്ടാമൃഗം എന്നര്‍ത്ഥം വരുന്ന 'കായോജി' എന്ന പേരു ലഭിക്കാന്‍ കാരണവും. കൂടാതെ മറ്റു കാണ്ടാമൃഗങ്ങളില്‍ നിന്നു വ്യത്യസ്തമായി പടച്ചട്ടയ്ക്കു തുല്യമായ തൊലിക്കട്ടിയും ഇവയ്ക്കില്ല.

തെക്കനേഷ്യന്‍ മഴക്കാടുകളിലെ മറ്റു ജീവിവര്‍ഗ്ഗങ്ങളെ പോലെ ഈ കുഞ്ഞന്‍ കാണ്ടാമൃഗങ്ങളുടെ സ്ഥിതിയും അത്ര സുരക്ഷിതമല്ല. 36 എണ്ണം മാത്രമാണ് വനത്തില്‍ ഇന്നവശേഷിക്കുന്നത്. അതില്‍ ആണ്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം വളരെ കുറവാണ്. പാമോയില്‍ കൃഷിക്കു വേണ്ടിയുള്ള കാടു വെട്ടിത്തെളിക്കലാണ് ഇവയുടെ വംശനാശത്തിനും പ്രധാന കാരണം.

നാട്ടിലുള്ള കാണ്ടാമൃഗങ്ങളുടെ കൂടി കണക്കിലെടുത്താല്‍ 100ൽ താഴെയാണ് ലോകത്തുള്ള സുമാത്രന്‍ കാണ്ടാമൃഗങ്ങളുടെ ആകെ എണ്ണം. നാലു വയസ്സുള്ള അന്താതു എന്ന ആണ്‍ കാണ്ടാമൃഗമാണ് സുമാത്രന്‍ കാണ്ടാമൃഗക്കൂട്ടത്തിലെ ഏറ്റവും ഇളയവന്‍. തന്‍റെ വംശത്തെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം തലയിലേറ്റിയാണ് അന്താതു വളര്‍ന്നു വരുന്നത്. 40 മുതല്‍ 60 വയസ്സു വരെയാണ് ഈ കണ്ടാമൃഗങ്ങളുടെ ആയുസ്സ്. 

August 26
12:53 2017

Write a Comment