GK News

ലോകത്തിലെ ഏറ്റവും ചെറിയ കുട്ടിക്കുതിരയാകുമോ ഗള്ളിവർ?

ലോകത്തിലെ ഏറ്റവും ചെറിയ കുതിരയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഗള്ളിവർ എന്ന കുതിരക്കുട്ടി. വെറും 30 സെന്റീമീറ്റർ നീളവും മൂന്നു കിലോ ഭാരവുമുള്ള കുഞ്ഞൻ കുതിരക്കുട്ടിയാണ് ഗള്ളിവർ. 30 സെ.മീ നീളമെന്നു പറയുമ്പോൾ ഒരു വലിയ പൂച്ചയുടെ വലിപ്പം മാത്രം. വടക്കുപടിഞ്ഞാറൻ റഷ്യയിലെ ഹിഡാൽഗോയിലുള്ള ഒരു ഫാമിലാണ് ഈ കുഞ്ഞൻ കുതിര ജൂൺ 16ന് ജനിച്ചത്. ചെറിയ കുതിരകളുടെ ഗണത്തിൽ പെട്ടതാണ് ഗള്ളിവർ.സാധാരണ ഈ ഗണത്തിൽ പെട്ട കുതിരകളുടെ ശരാശരി  ഉയരം 97 സെന്റീമീറ്ററാണ്.


അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ഐൻറ്റീൻ എന്ന കുതിരയുടെ റെക്കോഡാണ് ഗള്ളിവർ മറികടക്കുന്നത്. ഐൻസ്റ്റീന് 35 സെന്റീമീറ്റർ ഉയരമാണുള്ളത്. കഴിഞ്ഞ 7 വർഷമായി ഈ റെക്കോഡ് ഐൻസ്റ്റീന്റെ സ്വന്തമായിരുന്നു. ഈ റെക്കോഡാണ് ഗള്ളിവർ തിരുത്തിയെഴുതാനൊരുങ്ങുന്നത്.എലെനെ ഷിസ്റ്റിയാക്കോവ് എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള കുള്ളൻ കുതിരകളുടെ ഫാമിലാണ് ഗള്ളിവറുടെ ജനനം. 12 വർഷമായി ഫാം നടത്തുന്ന എലെനയുടെ ഫാമിൽ ആദ്യമായാണ് ഇത്രയും ചെറിയ കുതിരക്കുട്ടി ജനിക്കുന്നത്

ഗള്ളിവറിന്റെ അമ്മ ഗെർട്ടിക്ക് 70 സെന്റീമീറ്റർ ഉയരമുണ്ട്. ഗളളിവറിന്റെ ജനനം ഒരു അത്ഭുതമാണെന്നാണ് ഉടമയുടെ അഭിപ്രായം. ജനിച്ച് അരമണിക്കൂറിനകം തന്നെ ഗള്ളിവർ എഴുന്നേറ്റ് ഓടിനടക്കാൻ തുടങ്ങിയിരുന്നു. ഈ കുഞ്ഞൻ കുതിരക്കുട്ടിയേക്കുറിച്ചറിഞ്ഞ്  നിരവധിയാളുകളാണ് കാണാനായി ഫാമിലേക്കെത്തുന്നത്. എന്തായാലും ഗള്ളിവർ ഗിന്നസ് ബുക്കിൽ കയറുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാർ.




August 30
12:53 2017

Write a Comment