reporter News

സീഡ് റിപ്പോര്‍ട്ടറുടെ വാര്‍ത്ത വന്നതോടെ ഉടന്‍ നടപടി

മരത്തില്‍ ആണിയടിച്ച പരസ്യങ്ങള്‍ മാറ്റി., ഒരാഴ്ചയ്ക്കുള്ളില്‍ മരത്തിലുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ചെയര്‍മാന്‍ ഉത്തരവിട്ടു
 പറവൂര്‍: മരമുത്തച്ഛന്റെ നെഞ്ചില്‍ ആണിയടിച്ച് സ്ഥാപിച്ച പരസ്യങ്ങള്‍ അധീകൃതര്‍ തന്നെ ഒടുവില്‍ നീക്കം ചെയ്തു. 
 പറവൂര്‍-ആലുവ റോഡില്‍  വെടിമറയിലെ ബസ് സ്റ്റോപ്പിനു സമീപം നൂറ്റാണ്ടുകളായി നില്‍ക്കുന്ന വൃക്ഷത്തില്‍ ആണിയടിച്ച് പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്് പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ ജെ. പാര്‍വ്വതിയാണ് മാതൃഭൂമിയിലൂടെ റിപ്പോര്‍ട്ട് ചെയ്തത്. 
 ഇതു കണ്ട് നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ നബീസ ബാവ എന്നിവര്‍ മുനിസിപ്പല്‍ ഹെല്‍ത്ത വിഭാഗം ഉദ്യോഗസ്ഥരുമായി എത്തി ആണിയില്‍ തറച്ച ബോര്‍ഡുകള്‍ വൃക്ഷത്തെ വേദനിപ്പാതെ ഒന്നൊന്നായി നീക്കം ചെയ്യുകയായിരുന്നു. 
 സ്‌കൂളിലെ പതിനഞ്ചോളം മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ ജെ. പാര്‍വ്വതിയോടൊപ്പം ഈ മഹത് കര്‍മത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. നഗരസഭ ചെയര്‍മാന്‍ നേരിട്ടു തന്നെ ബോര്‍ഡുകള്‍ ഊരിമാറ്റി. ഇതൊരു മാതൃകയാണെന്നും പ്രകൃതിയെ സ്‌നേഹിക്കുന്ന പുതിയ തലമുറയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. 
 നഗരസഭ അതിര്‍ത്തിയിലെ 29 വാര്‍ഡുകളിലും മരങ്ങള്‍ക്കുമേല്‍ ആണിയടിച്ചുംമറ്റും സ്ഥാപിച്ചിട്ടുള്ള ഇത്തരം പരസ്യ ബോര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നീക്കം ചെയ്യാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗത്തിന് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. 
 പ്രകൃതിക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  വെടിമറയിലെ മറ്റു വൃക്ഷങ്ങളില്‍ ്‌സഥാപിച്ചിരുന്ന ബോര്‍ഡുകളും കൊടികളും നീക്കം ചെയ്തു. കുട്ടികള്‍ക്കും  അധീകൃതര്‍ക്കും അഭിനന്ദനങ്ങളുമായി നാട്ടുകാരും കൂടി. മുനിസിപ്പല്‍ കണ്ടിജന്‍സി ജീവനക്കാര്‍ ഇതോടൊപ്പം പരിസര ശുചീകകരണവും നടത്തി. സീഡ് വിദ്യാര്‍ത്ഥികള്‍ വെടിമറയിലെ മരങ്ങളില്‍ പൂമാലയണിയിച്ചു. 
 പ്രകൃതിക്കും സമൂഹത്തിനും മാതൃകയായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ക്കും പ്രവര്‍ത്തകര്‍ക്കും നഗരസഭയുടെ വകയായി തുണിസഞ്ചികള്‍ സമ്മാനവും നല്‍കിയാണ് ചെയര്‍മാന്‍ മടങ്ങിയത്. 

September 01
12:53 2017

Write a Comment