SEED News

മഞ്ഞക്കാടിനെ അടുത്തറിയും, അവശർക്ക് കുരുന്നുകൾ സഹായഹസ്തമാവും...

ഷൊർണൂർ: ആശ്രയമില്ലാത്തവർക്ക് ആശ്വാസമാവുക, രോഗികൾക്കും അവശർക്കും കൈത്താങ്ങാവുക, മരുന്നെത്തിക്കുക തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കാൻ ഒരുകൂട്ടം കുട്ടികൾ തയ്യാറെടുത്തു. എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ കൂട്ടുകാരാണ് ഇത്തരം ആവശ്യങ്ങളുള്ളവർക്കുമുമ്പിൽ സഹായഹസ്തവുമായെത്തുക. സ്കൂളിലെ സീഡ്, നന്മ ക്ലബ്ബുകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയിലെ ഒരുവാർഡ് ദത്തെടുത്താണ് സേവനമെത്തിക്കുന്നത്. 
നഗരസഭയിൽ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഈ വാർഡിൽ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ് കുട്ടിക്കൂട്ടത്തിന്റെ ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. നന്മ പദ്ധതിയുടെ ഭാഗമായി അപകടങ്ങളിൽ അടിയന്തരസഹായം നൽകുക, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ എന്നിവ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. റോഡരികിൽ കിടക്കുന്നവർക്ക് ആഴ്ചയിലൊരിക്കൽ ഭക്ഷണമെത്തിച്ച് ഇവരിപ്പോഴും കർമ്മനിരതരാണ്. 
സീഡ് പദ്ധതിയിൽ ജലസ്രോതസ്സ് സംരക്ഷണം, ജലജന്യരോഗനിയന്ത്രണം, മഴക്കുഴി നിർമാണം, ഊർജസംരക്ഷണം, ആരാധനാലയങ്ങൾ ഹരിതാഭമാക്കൽ തുടങ്ങിയ പ്രവൃത്തികളുൾപ്പെടെ ഇരുപതിലധികം പദ്ധതികൾ ഈ വിദ്യാർഥികൾ നടപ്പാക്കും. നഗരസഭയുടെ മഞ്ഞക്കാട് വാർഡ് 29-ാം വാർഡിലാണ് വിദ്യാർഥികൾ ഒരുവർഷം ഇത്തരം പ്രവൃത്തികൾ നടത്തുക. പദ്ധതി നഗരസഭ ചെയർപേഴ്സൺ വി. വിമല ഉദ്ഘാടനംചെയ്തു. മാതൃഭൂമി പബ്ലിക് റിലേഷൻസ് മാനേജർ പ്രൊഫ. പി.എ. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. 
എസ്.എൻ. ട്രസ്റ്റ് ആർ.ഡി.സി. ചെയർമാൻ വി.പി. ചന്ദ്രൻ അധ്യക്ഷനായി. മാതൃഭൂമി ചീഫ് അക്കൗണ്ടന്റ് യു.കെ. ലോഹിതാക്ഷൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. നിർമല, പ്രിൻസിപ്പൽ എ. കനകലത, പി.ടി.എ. പ്രസിഡന്റ് എം.ബി. രതീഷ്കുമാർ, നന്മ ആന്റ് സീഡ് കോ-ഓർഡിനേറ്റർ ആർ. വിനോദ്, സീഡ് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ. മിനി എന്നിവർ സംസാരിച്ചു.

September 07
12:53 2017

Write a Comment

Related News