GK News

മത്തങ്ങാ തവളകള്‍ ചെവിയില്ലാ കാമുകര്‍

കാമുകിക്ക് അയക്കുന്ന പ്രണയസന്ദേശങ്ങള്‍ വായിക്കാന്‍കഴിയാത്ത കാമുകന്മാരത്രെ  മത്തങ്ങാ തവളകള്‍. ബ്രസീലിലെ  അറ്റ്ലാന്റിക് വനത്തില്‍ കാണപ്പെടുന്ന കുഞ്ഞന്‍ മത്തങ്ങാ തവളകള്‍ക്ക് സ്വന്തം ശബ്ദം തിരിച്ചറിയാന്‍കഴിയില്ലെന്ന് ജേണല്‍ സയന്റിഫിക് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജന്തുലോകത്ത്  ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസം നിരീക്ഷിക്കപ്പെടുന്നത്.
ലോകത്തെ ഏറ്റവുംചെറിയ  തവളവര്‍ഗത്തില്‍പ്പെട്ടവയാണ് മത്തങ്ങാ തവളകള്‍. ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദതരംഗങ്ങളാണ് ആണ്‍തവളകള്‍ ഇണയെ ആകര്‍ഷിക്കാനായി  പുറപ്പെടുവിക്കുന്നത്. എന്നാല്‍, ഉയര്‍ന്ന ആവൃത്തി തരംഗങ്ങള്‍ സ്വീകരിക്കുന്ന ഭാഗങ്ങള്‍ മത്തങ്ങാ തവളകളുടെ ചെവികളില്‍ പ്രവര്‍ത്തനക്ഷമമല്ല. അതുകൊണ്ട് സ്വന്തംശബ്ദം അവയ്ക്ക്  കേള്‍ക്കാനാവില്ല. ഇണയായ പെണ്‍തവളയും സന്ദേശം കേള്‍ക്കില്ല. ശബ്ദമുണ്ടാക്കുമ്പോള്‍ തവളകളുടെ തൊണ്ടയിലുണ്ടാവുന്ന ചലനങ്ങള്‍ ഇണകള്‍ മനസ്സിലാക്കുന്നുണ്ടാവുമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. വാചിക സന്ദേശങ്ങളെക്കാള്‍ ആംഗിക സന്ദേശങ്ങളാണ് കടുത്തനിറമുള്ള മത്തങ്ങാ തവളകള്‍ ഉപയോഗപ്പെടുത്തുന്നതെന്ന് കരുതുന്നു. സതേണ്‍ ഡെന്മാര്‍ക്ക്  സര്‍വകലാശാലാ ഗവേഷകരാണ് പഠനം നടത്തിയത്.

September 23
12:53 2017

Write a Comment