reporter News

സ്‌കൂളിനരികിലെ മാലിന്യക്കൂമ്പാരം നീക്കംചെയ്യുമോ

കോഴിക്കോട്: നഗരഹൃദയത്തില്‍ 125 വര്‍ഷം പാരമ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ആയിരത്തോളം വിദ്യാര്‍ഥിനികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ പരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്നുള്ള ദുര്‍ഗന്ധം കാരണം ക്ലാസില്‍ ഇരുന്ന് പഠിക്കാനാവാത്ത അവസ്ഥയിലാണ് കുട്ടികള്‍. 

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യത്തിനെതിരേ ഗ്രീന്‍ ക്യാമ്പസ് പോലീസ് പോലുള്ള സംഘങ്ങള്‍ രൂപവത്കരിച്ച് വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അതിനെയൊക്കെ നിഷ്ഫലമാക്കുംവിധമാണ് സ്‌കൂളിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നത്.

പ്ലാസ്റ്റിക് കവറുകളും മാംസാവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യത്തില്‍നിന്നുള്ള ദുര്‍ഗന്ധം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ബാധിക്കുന്നു. കൊതുകു പെരുകുന്നതിനും ഇത് കാരണമാകുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പരക്കുന്ന കാലമായതിനാല്‍ ഏറെ ഭീതിയിലാണ് വിദ്യാര്‍ഥിനികള്‍. അധികാരികളുടെ ശ്രദ്ധ എത്രയുംപെട്ടന്ന് ഈ വിഷയത്തിലുണ്ടാവുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. 

കാര്‍ത്തിക പി.

September 23
12:53 2017

Write a Comment