GK News

കോസ്മിക് കിരണങ്ങള്‍ ആകാശഗംഗയ്ക്ക് പുറത്തുനിന്ന്

ബഹിരാകാശത്തെ നക്ഷത്രാന്തര ഇടങ്ങളില്‍നിന്ന് വരുന്ന ഉന്നതോര്‍ജ  തരംഗങ്ങളുടെ(കോസ്മിക് കിരണങ്ങള്‍) പ്രഭവകേന്ദ്രം സംബന്ധിച്ച സമസ്യക്ക് ഉത്തരവുമായി ശാസ്ത്രജ്ഞര്‍. നമ്മുടെ നക്ഷത്രസമൂഹമായ ആകാശഗംഗയ്ക്ക് പുറത്തുനിന്നാണ് ഇത്തരം രശ്മികള്‍ വരുന്നതെന്ന്  അര്‍ജന്റീനയിലെ പിയറി ആഗര്‍ വാനനിരീക്ഷണകേന്ദ്രം ഗവേഷകര്‍ കണ്ടെത്തി. ജേണല്‍ സയന്‍സില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 വിവിധ ഊര്‍ജനിലയിലുള്ള ഉപാണുക്കളുടെ പ്രവാഹമാണ് കോസ്മിക് തരംഗങ്ങള്‍. പ്രകാശവേഗത്തിനടുത്താണ് ഇവയുടെ വേഗവും. ലോകത്തെ ഏറ്റവും ശക്തികൂടിയ കണികാത്വരണിയായ സേണിലെ ലാര്‍ജ് ഹാഡ്രൊണ്‍ കൊളൈഡറില്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടോണുകളെക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി ശക്തിയുള്ള തരംഗങ്ങളാണ് കോസ്മിക് തരംഗങ്ങള്‍. 
  അരനൂറ്റാണ്ടുമുമ്പാണ് ഉന്നതോര്‍ജമുള്ള കോസ്മിക് തരംഗങ്ങള്‍  കണ്ടെത്തിയത്. അന്നുമുതല്‍ ഇവയുടെ പ്രഭവകേന്ദ്രം എവിടെനിന്നാണെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. 
പിയറി ആഗര്‍ നിരീക്ഷണകേന്ദ്രത്തില്‍ 2004-'16 കാലയളവില്‍ കണ്ടെത്തിയ തരംഗങ്ങളാണ് പഠനവിധേയമാക്കിയത്. ഈ തരംഗങ്ങള്‍ ആകാശഗംഗയ്ക്ക് പുറത്തുനിന്നാണെന്ന് ഉറപ്പിക്കാമെന്ന്  ജ്യോതിശ്ശാസ്ത്രജ്ഞനും നിരീക്ഷണകേന്ദ്രം വക്താവുമായ കാള്‍ ഹിന്‍സ് കാംപെര്‍ട്ട് ചൂണ്ടിക്കാട്ടി. 
തരംഗങ്ങള്‍ക്ക് കാരണമെന്തെന്നും  കൃത്യമായ പ്രഭവകേന്ദ്രം എവിടെയെന്നുമാണ് ഇനി കണ്ടെത്താനുള്ളത് -കാംപെര്‍ട്ട് പറഞ്ഞു. ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍നിന്നോ നക്ഷത്രസമൂഹങ്ങളിലെ അതിഭീമന്‍ തമോഗര്‍ത്തങ്ങളില്‍നിന്നോ ആവാം ഇവ പുറപ്പെടുന്നതെന്ന് അഭിപ്രായമുണ്ട്.

September 25
12:53 2017

Write a Comment