GK News

ദിനോസറിനെ തിന്നും വലിയവായന്‍ തവള

കോഴിക്കുഞ്ഞുങ്ങളെ തിന്നുന്ന തവളകളെ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ദിനോസറിനെ തിന്നുന്ന തവളകള്‍ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. 
വംശനാശം സംഭവിച്ച ബീല്‍സെബഫോ തവളകളെപ്പറ്റി രസകരമായ വിശേഷങ്ങളുമായാണ് അഡലെയ്ഡ് സര്‍വകലശാല, കാലിഫോര്‍ണിയ സര്‍വകലാശാല, ലണ്ടന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ രംഗത്തുവന്നിട്ടുള്ളത്. മഡഗാസ്‌കറില്‍ ജീവിച്ചിരുന്ന ഈ തവളകള്‍ കുഞ്ഞന്‍ ദിനോസറുകളെ ഇരയാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ആധുനികയുഗത്തില്‍ ജീവിച്ചിരിക്കുന്ന സെറാറ്റോഫ്രിസ് തവളകളുമായി സാമ്യമുള്ളവയാണ് ബീല്‍സെബഫോ തവളകള്‍. ഇവയെ നിരീക്ഷിച്ചാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. സെറാറ്റോഫ്രിസ് തവളകള്‍ക്ക് വിവിധയിനം പേരുകളും വിഭാഗങ്ങളുമുണ്ട്.

സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലിലെ റിപ്പോര്‍ട്ടനുസരിച്ച് 6.8 കോടി വര്‍ഷങ്ങള്‍ക്ക്മുന്പാണ് ഈ തവള ജീവിച്ചിരുന്നത്. 
സെറാറ്റോഫ്രിസ് ഇനത്തില്‍പ്പെട്ട ചെറിയ തവളകളുടെ തലയ്ക്ക് നാലര സെന്റീമീറ്റര്‍ വീതിയാണുള്ളത്. ഇവയ്ക് 30 ന്യൂട്ടന്‍ ശക്തിയില്‍ വരെ കടിക്കാന്‍ സാധിക്കും. ഇതേ ഇനത്തില്‍പ്പെട്ട വലിയ തവളകള്‍ ഏകദേശം 500 ന്യൂട്ടന്‍ ശക്തിയില്‍ വരെ കടിക്കുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് വന്പന്‍ തവളകളായ ബീല്‍സെബഫോയ്ക്ക് ഏകദേശം 2200 ന്യൂട്ടന്‍ ശക്തിയില്‍ കടിക്കാനാകുമെന്ന് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഇവ ചെറിയ ദിനോസറുകളെ ഇരയാക്കിയിരിക്കാമെന്ന് ഗവേഷകനായ ഡോ. മാര്‍ക്ക് ജോണ്‍ പറഞ്ഞു.

September 30
12:53 2017

Write a Comment