GK News

ഡൊറാഡോ, ശുദ്ധജലത്തിലെ ഏറ്റവും വലിയ ദേശാടന മത്സ്യം

ലോകത്തിലെ ഏറ്റവും ദീര്‍ഘമായ ദേശാടനം നടത്തുന്ന മത്സ്യങ്ങളെക്കുറിച്ച് ബ്രസീലിലെ ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മ അടുത്തിടെ ഒരു കണ്ടെത്തല്‍ നടത്തി. ശുദ്ധജലത്തില്‍ ജീവിക്കുന്ന ഡൊറാഡോ (Dorado) മത്സ്യം അതിന്റെ സഞ്ചാരം പൂര്‍ത്തീകരിക്കുമ്പോള്‍ പതിനാറായിരം കിലോമീറ്റര്‍ യാത്രചെയ്യുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ബ്രസീലിലെ ആമസോണ്‍ നദിയില്‍ നിന്ന്‌ ആന്‍ഡീസ് പര്‍വത നിരകളില്‍ നിന്നുത്ഭഭവിക്കുന്ന നദികളിലേയ്ക്കാണ് ഡൊറാഡോ മത്സ്യം സഞ്ചാരം നടത്തുന്നത്. അമസോണ്‍ നദിയില്‍ മത്സ്യം മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. രണ്ട് വര്‍ഷമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ ആന്‍ഡീസ് പര്‍വത നദികളിലേക്ക് കുടിയേറുന്നു. ഒരു വര്‍ഷത്തിന് ശേഷം തിരിച്ച് അമസോണ്‍ നദിയിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്നു.

മുട്ടവിരിയിച്ച ശേഷം സ്വന്തം സ്ഥലത്ത് തിരിച്ചെത്തുമ്പോള്‍ ഈ മത്സ്യം 16,000 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. റൊണാള്‍ഡോ ബാര്‍ത്തേം അടക്കമുള്ള ബ്രസീലിലെ ജന്തുശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നിലുള്ളത്. ലോകത്തിലെ നീളം കൂടിയ മത്സ്യം കൂടിയാണ് ഡൊറാഡോ. അഞ്ചു മുതല്‍ ആറ് അടിവരെ നീളമുണ്ടാകും ഇതിന്. വലിയ ഇനത്തിലുള്ള മറ്റ് ചില കൂറ്റന്‍ മത്സ്യങ്ങള്‍ കൂടി അമസോണ്‍ നദിയിലുണ്ട്. ശുദ്ധജലത്തിലെ ചാമ്പ്യന്‍ എന്നാണ് കൂറ്റന്‍ ഡൊറാഡോ മത്സ്യത്തെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. 

വളരെ ഗൗരവമേറിയ പാരിസ്ഥിതിക പാരിസ്ഥിതിക ഭീഷണിയും ഡൊറാഡോ മത്സ്യങ്ങള്‍ നേരിടുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. അണക്കെട്ടുകളും ഖനനവും ജല മലിനീകരണവും മത്സ്യങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്.

കൊളംബിയ, ബൊളീവിയ എന്നീ രാജ്യങ്ങളിലാണ് ഈ മത്സ്യം കൂടുതല്‍ ഭീഷണി നേരിടുന്നതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജല മലിനീകരണം കൂടുതലും അവിടെയാണെന്നതുതന്നെ കാരണം.

October 04
12:53 2017

Write a Comment