GK News

കേരളത്തില്‍നിന്ന് നേരെ തുരന്നാല്‍ ഭൂമിയുടെ മറുവശത്ത് എവിടെയെത്തും?

ഭൂമി ഉരുണ്ടതാണെന്ന് സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ച നാള്‍ മുതല്‍ നാം ചിന്തിച്ചു തുടങ്ങിയതാണ്- ഭൂമി തുരന്നുതുരന്ന് പോയാല്‍ ഭൂമിയുടെ മറുവശത്തെത്തില്ലേ..? അങ്ങനെയാണെങ്കില്‍ നില്‍ക്കുന്നിടത്തുനിന്ന് നേരേ തുരന്നാല്‍ ഭൂമിയുടെ ഏതു ഭാഗത്തായിരിക്കും ചെന്നെത്തുക?

ഈ കൗതുകത്തിന് ഉത്തരവുമായി ഒരു മാപ്പ് തയ്യാറായിട്ടുണ്ട്. ആന്റിപോഡ്‌സ് മാപ്പ് എന്ന വെബ്‌സൈറ്റാണ് ഇതിന് അവസരമൊരുക്കുന്നത്. ഈ സൈറ്റ് ഉപയോഗിച്ച് ഭൂമിയുടെ മറുപുറം കണ്ടെത്താം.

കേരളത്തില്‍നിന്ന് നേരെ തുരങ്കമുണ്ടാക്കിയാല്‍ നാം എത്തിച്ചേരുക ശാന്തസമുദ്രത്തിലാണ്. കേരളത്തില്‍നിന്നു മാത്രമല്ല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഒരു ഭാഗത്തുനിന്നും തുരന്നുചെന്നാലും നാം കരപറ്റില്ല. ഭൂമിയിലെ കൂടുതല്‍ സ്ഥലങ്ങളില്‍നിന്നും തുരന്നുചെന്നാല്‍ ഇതുതന്നെയാണ് അവസ്ഥ. ഭൂമിയുടെ ഏറിയ ഭാഗവും സമുദ്രമാണ് എന്നതുതന്നെ കാരണം.

എന്നാല്‍ ചൈന, മംഗോളിയ എന്നീ രാജ്യങ്ങളുടെ മറുപുറം യഥാക്രമം അര്‍ജന്റീനയും ചിലിയുമാണ്. ചൈനയുടെ തലസ്ഥാനമായ ബീയ്ജിങ്ങില്‍നിന്ന് നേരെ തുരന്നാല്‍ അര്‍ജന്റീനയിലെ ബാഹിയബ്ലാങ്ക എന്ന സ്ഥലത്തായിരിക്കും ചെന്നുകയറുക. ചിലിയിലെ പ്യൂട്ടേനടാലെസില്‍നിന്ന് തുരന്നാല്‍ റഷ്യയിലെ ഉലന്‍ഉടേയിലെത്താം.

ഭൂമിയിലെ ഏതു സ്ഥലത്തുനിന്നും നേരെ എതിര്‍ വശം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ആന്റിപോഡ്‌സ് മാപ്പ്. ഈ വെബ്‌സൈറ്റില്‍ ചെന്നാല്‍ ഇടതും വലതുമായി രണ്ട് മാപ്പുകള്‍ കാണാം. ഇടതു വശത്തുള്ള മാപ്പില്‍ ക്ലിക് ചെയ്താല്‍ ഭൂമിയില്‍ അതിന് നേരെ എതിര്‍വശത്തുള്ള സ്ഥലം വലതുവശത്തെ മാപ്പില്‍ കാട്ടിത്തരും.

October 10
12:53 2017

Write a Comment