SEED News

തിരുമല ദേവസ്വത്തിന്റെ പരിപാലനത്തിൽ ടി.ഡി. ടി.ടി.ഐ.യിൽ നക്ഷത്രവനമൊരുങ്ങുന്നു

തുറവൂർ: തിരുമല ദേവസ്വത്തിന്റെ പരിപാലനത്തിൽ ടി.ഡി. ടി.ടി.ഐ.യിൽ നക്ഷത്രവനമൊരുങ്ങുന്നു. 
മാതൃഭൂമി സീഡും വൈദ്യരത്നവും ചേർന്ന് വിദ്യാലയങ്ങൾതോറും നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഭാഗമായിട്ടാണ് വൃക്ഷത്തൈകൾ നട്ടുവളർത്തുന്നത്. കാഞ്ഞിരം, നെല്ലി, അത്തി, ഞാവൽ, കരിങ്ങാലി, കരിമരം, മുള, അരയാൽ തുടങ്ങി 27 വൃക്ഷങ്ങളുടെ തൈകളാണ് വച്ചു പിടിപ്പിക്കുന്നത്. ഓരോ വ്യക്തിയുടെയും ജന്മ നക്ഷത്രവുമായി ബന്ധപ്പെട്ട തൈകളാണ് നടുന്നത്. 
                        പിറന്നാൾ ദിവസങ്ങളിൽ സ്കൂളിലെത്തി മരങ്ങൾക്ക് വെള്ളമൊഴിക്കുകയും പരിപാലിക്കുകയും ചെയ്യാം. സ്കൂളിലെ കുട്ടികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും ക്ഷേത്രം ഭാരവാഹികളും പദ്ധതിയുടെ ഭാഗമായി മാറും. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളുകൾക്ക് സമ്മാനം നൽകും. 
                        പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എ.എം.ആരിഫ് എം.എൽ.എ. നിർവഹിച്ചു. പഠനത്തോടൊപ്പം പ്രകൃതിയോടിണങ്ങി ജീവിക്കാൻ കുട്ടികളെയും സമൂഹത്തെയും പഠിപ്പിക്കുന്ന ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതിയാണ് മാതൃഭൂമി സീഡ് കാഴ്ച വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നക്ഷത്രവനം പോലുള്ള പദ്ധതികൾ സംസ്ഥാനത്തിനുപോലും മാതൃകയാണ്. മരങ്ങൾ നട്ടുവളർത്തേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ മാതൃഭൂമി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. 
                        മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ്കുമാർ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക കുമാരി കെ.എൻ.പത്മം, വൈദ്യ രത്നം സോണൽ മാനേജർ കെ.സി. സുരേഷ്കുമാർ, വൈദ്യരത്നം തുറവൂർ ഡീലർ പി.ടി.തോമസ്, സ്റ്റാഫ് സെക്രട്ടറി ജി. ശ്രീകുമാർ, ടി.ഡി. ക്ഷേത്രം അധികാരി അശോക്കുമാർ, സീഡ് കോഓർഡിനേറ്റർ സി.ഹരികൃഷ്ണബാബു തുടങ്ങിയവർ സംസാരിച്ചു.

October 12
12:53 2017

Write a Comment

Related News