environmental News

ജുറാസിക് യുഗത്തിലെ 'മത്സ്യഗൗളി'യുടെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

ജുറാസിക് യുഗത്തിലെ സമുദ്ര ഉരഗത്തിന്റെ ഫോസില്‍ ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തി. 'മത്സ്യഗൗളി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമുദ്ര ഉരഗത്തിന്റെ 15.2 കോടി വര്‍ഷം പഴക്കമുള്ള അസ്ഥികൂടമാണ് ഇന്ത്യാ - ജര്‍മന്‍ സംഘം വീണ്ടെടുത്തത്. 

ഗ്രീക്ക് ഭാഷയില്‍ 'മത്സ്യഗൗളി' ( fish lizard ) എന്നര്‍ഥം വരുന്ന 'ഇത്തിസോര്‍'( Ichthyosaur ) വിഭാഗത്തില്‍ പെടുന്ന ജീവിയാണിത്. 25 കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ഈ ജീവിവര്‍ഗ്ഗം ഒന്‍പത് കോടി വര്‍ഷം വരെ ഇവിടെയുണ്ടായിരുന്നു. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ജീവിവര്‍ഗ്ഗമാണിത്. 

'ഇന്ത്യയില്‍ ജുറാസിക് യുഗത്തില്‍ നിന്നുള്ള ആദ്യ ഇത്തിസോര്‍' എന്ന പേരില്‍ 'പ്ലോസ് വണ്‍' ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ്  കണ്ടെത്തിലിന്റെ വിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡല്‍ഹി സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞന്‍ പ്രൊഫ. ഗുണ്ടുപള്ളി വി.ആര്‍.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ഗുജറാത്തില്‍ കെ.എസ്.കെ.വി. കച്ച് സര്‍വകലാശാലയിലെയും ജര്‍മനിയിലെയും ഗവേഷകര്‍ പഠനത്തില്‍ പങ്കുചേര്‍ന്നു. കച്ച് മേഖലയില്‍ ഭുജ് പട്ടണത്തില്‍ നിന്ന്‌ന 30 കിലോമീറ്റര്‍ തെക്കുകിഴക്ക് പ്രാചീന ജുറാസിക് ശിലാപാളികളില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഏതാണ്ട് അഞ്ചര മീറ്റര്‍ നീളമുള്ള മത്സ്യഗൗളിയുടെ അവശിഷ്ടമായിരുന്നു അത്. സ്രാവുകളെയും തിമിംഗലങ്ങളെയും അനുസ്മരിപ്പിക്കുന്ന ഉരഗങ്ങളായിരുന്നു ഇത്തിസോറുകളെന്ന് ഗവേഷകര്‍ പറയുന്നു.

വടക്കേ അമേരിക്കയിലും യൂറോപ്പിലും നിന്ന് ഈ വര്‍ഗ്ഗത്തില്‍പെട്ട ജീവികളുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണ അര്‍ധഗോളത്തില്‍ ഇവയുടെ സാന്നിധ്യം കാര്യമായി കണ്ടിട്ടില്ല. ഇത്തിസോറുകളുടെ ഫോസില്‍ ഇതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് പൂര്‍ണരൂപത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ത്യ ഗോണ്ട്വാനാലാന്‍ഡ് എന്ന ഭീമന്‍ ഭൂഖണ്ടത്തിന്റെ ഭാഗമായിരുന്ന കാലത്ത് ജീവിച്ചിരുന്ന സമുദ്ര ഉരഗമാണിത്. 

'ഗോണ്ട്വാനാലാന്‍ഡില്‍ ജുറാസിക് കാലഘട്ടത്തിലെ ഫോസില്‍ റിക്കോര്‍ഡിലെ വിട്ടുപോയ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കും'-പ്രൊഫ. പ്രസാദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫോസില്‍ പഠനത്തിന്റെ കാര്യത്തില്‍, ഗുജറാത്തിലെ കച്ച് പ്രദേശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് പുതിയ കണ്ടുപിടുത്തം. 

അവലംബം -
1. Discovery of the first ichthyosaur from the Jurassic of India: Implications for Gondwanan palaeobiogeography. PLOS one, October 25, 2017
2. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പ്

October 30
12:53 2017

Write a Comment