environmental News

ആറായിരം മണല്‍ക്കോഴികളുടെ സ്ഥാനത്ത് ഇപ്പോള്‍ മാടായിപ്പാറയിലെത്തുന്നത് 60 എണ്ണം മാത്രം

പത്തുവര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ ആറായിരത്തോളം മംഗോളിയന്‍ മണല്‍ക്കോഴികള്‍ ദേശാടനം നടത്തിയിരുന്നു മാടായിപ്പാറയില്‍. എന്നാല്‍, ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് 60 എണ്ണം മാത്രമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്.

പാറയില്‍ നടക്കുന്ന അനിയന്ത്രിതമായ മനുഷ്യ ഇടപെടലാണ് ഈ കുറവിന് കാരണമെന്ന് പ്രശസ്ത പക്ഷിനിരീക്ഷകന്‍ പി.സി.രാജീവന്‍ പറഞ്ഞു. മലബാര്‍ പരിസ്ഥിതിസമിതി നടത്തിയ പൂക്കാല പക്ഷിനിരീക്ഷണത്തിലാണ് എണ്ണക്കുറവ് ശ്രദ്ധയില്‍പ്പെട്ടത്. പാറയില്‍ മുന്‍പ് നടന്ന ഖനനവും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ യന്ത്രശബ്ദവും മറ്റൊരു കാരണമായി വിലയിരുത്തി.

തദ്ദേശ കിളികളടക്കം 40 വ്യത്യസ്ത പക്ഷികളെ രണ്ടുമണിക്കൂറിനകം കാണാന്‍ സാധിച്ചതാണ് അല്പം പ്രതീക്ഷയായത്. വിദേശികളായ മംഗോളിയന്‍ മണല്‍കോഴിക്കു പുറമേ, നീര്‍ക്കാട, ആറ്റുമണല്‍ കോഴി, ഗ്ലോസിഐ ബിസ് സ്വദേശികളായ മൂന്നു തരം വാനമ്പാടി, ഉപ്പൂപ്പന്‍, തിത്തിരികള്‍ എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. തുടര്‍ച്ചയായ മാസങ്ങളില്‍ നിരീക്ഷണം തുടരുമെന്ന് സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു. പി .ബിജു, രവീന്ദ്രന്‍ കൂലോത്തുവയല്‍, ഡോ. ശ്രീകല ഭാര്‍ഗവന്‍, അഭിജിത്ത്, കെ.വി.കുഞ്ചു, കെ.പി.ചന്ദ്രാംഗദന്‍, എ.കെ.ഗോവിന്ദന്‍ എന്നിവര്‍ സര്‍വേയില്‍ പങ്കെടുത്തു.

November 27
12:53 2017

Write a Comment