reporter News

ശുദ്ധവായു കാത്ത് കാപ്പിത്തോട് തീരവാസികൾ

അമ്പലപ്പുഴ: പണ്ടുകാലത്ത് ജനതയുടെയാകെ ശുദ്ധജല ശ്രോതസ്സായിരുന്ന കാക്കാഴം കാപ്പിത്തോട് ഇന്ന് പലരുടെയും ആശുപത്രി ബില്ലിന്റെ അക്കങ്ങൾ കൂട്ടുന്നു. അത്രയ്ക്കുണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി മാലിന്യം നിറഞ്ഞ തോടു മൂലമുള്ള ദുരിതം.
 ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരുത്തുന്ന വിഷഗന്ധമാണ് തോട് പുറപ്പെടുവിക്കുന്നത്. രണ്ടായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന രണ്ടു വിദ്യാലയങ്ങൾ, ആയിരക്കണക്കിന് ജനങ്ങളുടെ വാസസ്ഥലങ്ങൾ, ഒട്ടനവധി തൊഴിലിടങ്ങൾ എന്നിവ മാലിന്യവാഹിനിയായ തോടിന്റെ സമീപത്തായുണ്ട്. ഇതുകൂടാതെ ഏക്കറുകണക്കിന് കൃഷിയിടങ്ങളും. 
പീലിങ് ഷെഡുകൾ, മാംസ സംസ്കരണ കേന്ദ്രങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യമാണ് കാപ്പിത്തോടിനെ ഇങ്ങനെയാക്കിയത്. പരിസരവാസികളായ നിരവധിപേരുടെ ആരോഗ്യസ്ഥിതി ഇതുമൂലം അപകടനിലയിലാണ്.  പുഴകളും കായലുകളും നിറഞ്ഞുനിൽക്കുന്ന ആലപ്പുഴയ്ക്ക് ഒരുവലിയ ഭീഷണിയായിരിക്കുകയാണ് കാക്കാഴത്ത് സ്ഥിതിചെയ്യുന്ന കാപ്പിത്തോട്. ഈ അനീതിക്കെതിരേ ശബ്ദമുയർത്തേണ്ട കാലം കഴിഞ്ഞു. 
പി.മഹാലക്ഷ്മി (മാതൃഭൂമി സീഡ് 
റിപ്പോർട്ടർ മരിയ മോണ്ടിസറി സെൻട്രൽ സ്കൂൾ, 
അമ്പലപ്പുഴ. )

December 23
12:53 2017

Write a Comment