reporter News

മരണത്തിന്റെ വക്കില്‍ കടമ്പ്രയാര്‍: പ്രതിഷേധങ്ങള്‍ക്ക് വിലയില്ല

കൊച്ചി: കക്കൂസ് മാലിന്യമുള്‍പ്പടെ തള്ളുന്നവരുടെ സുരക്ഷിത താവളമായി മാറിയതോടെ കടമ്പ്രയാര്‍ നാശത്തിന്റെ വക്കില്‍. ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം ഇന്‍ഫോപാര്‍ക്ക് ബ്രഹ്മപുരം പാലത്തിനടുത്താണു ഒഴുക്കിവിടുന്നത്. 
അറവുമാലിന്യവും തള്ളാന്‍ കടമ്പ്രയാറിന്റെ കൈവഴികളാണ് പലരും ഉപയോഗിക്കുന്നത്. പലതവണ രാസമാലിന്യങ്ങള്‍ കടമ്പ്രയാറില്‍ ഒഴുക്കിയത് ജലജീവികളുടെ കുരുതിക്ക് കാരണമായി. ഇന്‍ഫോപാര്‍ക്കിന് സമീപം, എടത്തല, കിഴക്കമ്പലം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യവസായശാലകളിലെ മാലിന്യവും രാസമാലിന്യവും ക്രഷര്‍ മാലിന്യവും കൈവഴികള്‍ വഴി കടമ്പ്രയാറില്‍ എത്തിച്ചേരുകയാണ്. കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് നിര്‍മിച്ച മാലിന്യപ്‌ളാന്റില്‍നിന്നും മലിനജലം കടമ്പ്രയാറിലേക്കാണ് ഒഴുകുന്നത്. ഇതുമൂലം കടമ്പ്രയാറിലെ ജലം കറുത്തിരിക്കുകയാണ്. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഫഌറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യത്തിന്റെയും നിക്ഷേപം ഇവിടെയായതിനാല്‍ ഇതിന്റെ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്താതെ ഇതുവഴി പോകാന്‍ സാധിക്കില്ല. 
പ്രദേശവാസികള്‍ക്കിടയില്‍ മഞ്ഞപിത്തവും മാറാരോഗങ്ങളും ഇതേ തുടര്‍ന്ന് പടര്‍ന്നുപിടിക്കു ന്നതായിട്ടാണ് റിപ്പോര്‍ട്ട്. മാലിന്യം തള്ളുന്നത് തടായന്‍ പോലീസും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും യാതൊരു നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കടമ്പ്രയാര്‍ സംരക്ഷണത്തിന് ഊന്നല്‍ നല്കി കേരള നദീസംരക്ഷണ സമിതിയും വിവിധ പരിസ്ഥിതി സംഘടനകളും ചേര്‍ന്ന പ്രതിഷേധ മാര്‍ച്ച് നടത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു വിധം അനക്കവും നാളിതുവരെ ഉണ്ടായിട്ടില്ല. 

ലക്ഷിമി.എസ് .നായർ 
മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍,  നവ നിർമാണ പബ്ലിക് സ്കൂൾ വാഴക്കാല 

February 01
12:53 2018

Write a Comment