GK News

ലോകത്തെ ആദ്യ ഉറുമ്പുഭൂപടം തയ്യാര്‍

ഉറുമ്പുകള്‍ക്കും മാപ്പോ. അവിശ്വസിക്കണ്ട. ലോകത്തെ ആദ്യ ഉറുമ്പുഭൂപടം ഹോങ്കോങ് സര്‍വകലാശാല തയ്യാറാക്കിയിരിക്കുന്നു. ഇത്രയും ചെറിയ ജീവികളുടെ ഭൂപടം തയ്യാറാക്കിയതിന്റെ പ്രത്യേക അംഗീകാരം സര്‍വകലാശാലയ്ക്ക് സ്വന്തമാകും. ഉറുമ്പ് വര്‍ഗത്തിന്റെ ജീവിതത്തിലേക്ക് ആഴത്തില്‍ വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങള്‍ ഈ ഭൂപടത്തിലൂടെ വെളിവാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ണാഭമായ ഓണ്‍ലൈന്‍ മാപ്പാണ് ഗവേഷകര്‍ നാലുവര്‍ഷംകൊണ്ട് തയ്യാറാക്കിയത്. 15,000 ല്‍പ്പരം ഉറുമ്പിനങ്ങളുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രങ്ങള്‍ വെളിവാക്കുന്നതാണ് ഭൂപടം. ഗ്രീന്‍ലന്‍ഡില്‍ ഒരു ഉറുമ്പിനം പോലുമില്ലെന്ന് മാപ്പ് വ്യക്തമാക്കുന്നു. ലോകത്ത് ഒരു പ്രദേശത്ത് ഏറ്റവുമധികം ഇനങ്ങള്‍ കാണപ്പെടുന്നത് ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ്‌ലന്‍ഡിലാണ്-1400 ഇനം! ഏത് ജൈവവ്യൂഹത്തിലും ഉറുമ്പുകള്‍ക്ക് പ്രധാന റോളാണുള്ളത്' - ഭൂപട നിര്‍മാണത്തിലുള്‍പ്പെട്ട ഹോങ്കോങ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ബനോയിറ്റ് ഗ്വനാര്‍ഡ് പറഞ്ഞു. ജൈവവൈവിധ്യ പഠനത്തില്‍ ഏറ്റവും ഊന്നല്‍ കൊടുക്കേണ്ടത് ഉറുമ്പുകള്‍ക്കാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.ചെറിയ ജീവിവര്‍ഗങ്ങളെയെടുത്താല്‍ ഏറ്റവും പ്രാമുഖ്യം ഉറുമ്പുകള്‍ക്കാണ്. ഉറുമ്പുകളുടെ പ്രധാന മേഖലകളും വ്യത്യസ്ത ഇനങ്ങളെയുമാണ് ഭൂപടത്തില്‍ എടുത്തുകാട്ടുന്നത്. ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് ഉറുമ്പുഭൂപടം ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

February 02
12:53 2018

Write a Comment