SEED News

പുന്നപ്ര യു.പി.സ്കൂൾ മാതൃകയാകുന്നു: സ്വന്തം ആവശ്യത്തിനു വൈദ്യുതി ഉത്‌പാദനം, ബാക്കി വിൽപ്പന

ആലപ്പുഴ: മാസം 8000 രൂപ കറണ്ട് ബിൽ അടച്ചിരുന്ന പുന്നപ്ര യു.പി. സ്കൂളിനു ഇപ്പോൾ വൈദ്യുതിചാർജ് വേണ്ട. തീർന്നില്ല, അങ്ങോട്ട് കൊടുത്തതിന്റെ ഇരട്ടി   ഇങ്ങോട്ടു കിട്ടുകയും ചെയ്യുന്നു. മറിമായം അല്ല, സൗരോർജ പ്ലാന്റാണ് താരം.2016 ആരംഭത്തിൽ പുന്നപ്ര യു.പി.സ്കൂളിൽ 20 കിലോവാട്ടുശേഷിയുള്ള സൗരോർജനിലയം സ്ഥാപിച്ചു. സ്കൂളിനുമുകളിൽ 26 സൗരോർജപ്പാനലുകൾ സ്ഥാപിച്ചാണ് പ്രവർത്തനം തുടങ്ങിയത്. 15 ലക്ഷം രൂപയായിരുന്നു മുടക്കു മുതൽ. വീടായിരുന്നെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി കിട്ടും. സബ്സിഡി ഇല്ലെങ്കിലും പദ്ധതി കൃത്യമായി പ്രവർത്തിപ്പിച്ചു തുടങ്ങി. വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയപ്പോൾ സ്കൂൾ അധികൃതർക്ക്  ആത്മവിശ്വാസമായി. 80 യൂണിറ്റുവരെയായി ഉത്പാദനം. പക്ഷേ സ്കൂളിനു 20 യുണിറ്റു മതി. കുറെ ലൈറ്റുകളും ഫാനുകളും അടക്കം എല്ലാംതന്നെ പിശുക്കില്ലാതെ ഉപയോഗിച്ചിട്ടും 60 യൂണിറ്റ് വൈദ്യുതി അധികം. ഇത് വൈദ്യുതി ബോർഡിനു വിറ്റു. ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി നേരെ വൈദ്യുതി ബോഡിലേക്ക് തന്നെ പോകുന്നതിനാൽ ഉപയോഗിച്ചതിന്റെ ബാക്കിക്ക് കൃത്യമായി പണം സ്കൂളിന് തിരിച്ച് കൊടുക്കുകയും ചെയ്യുന്നു.ഇക്കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ ഉത്‌പാദിപ്പിച്ച അധിക വൈദ്യുതിയുടെ വിലയായി സ്‌കൂളിന് ലഭിച്ചത് 17483 രൂപ.സ്കൂൾമാനേജർ എം.സി.അനിൽകുമാറിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റും ഒപ്പം ജീവനക്കാരുടെയും കൂട്ടായപ്രവർത്തനം പദ്ധതി ഉഷാറാക്കി. കെ.എസ്.ഇ.ബി. പുന്നപ്ര ഇലക്‌ട്രിക്കൽ സെക്‌ഷന്റെ ഉദ്യോഗസ്ഥരുടെ സഹായവും കിട്ടി. ഇതോടെ പദ്ധതി ശ്രദ്ധേയമായി.പുന്നപ്ര സ്കൂളിന്റെ മാതൃക കേരളത്തിലെ എല്ലാ സ്‌കൂളുകളും പിൻതുടർന്നാൽ വൈദ്യുതിരംഗത്ത് കേരളത്തിൽ ഒരു വലിയ വൈദ്യുത വിപ്ലവം തന്നെ സൃഷ്ടിക്കാനാകുമെന്നാണ് വിദഗ്ധപക്ഷം. മാതൃഭൂമിയുടെ സീഡ്പദ്ധതി നന്നായി നടത്തുന്ന സ്കൂളുകളിൽ ഒന്നാണ് പുന്നപ്ര യു.പി.എസ്.

February 27
12:53 2018

Write a Comment

Related News